പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ ആഗോള വ്യോമഗതാഗതം സ്തംഭിച്ചു. സുരക്ഷാ കാരണങ്ങളാൽ ഇറാനും ഖത്തറും ഉൾപ്പെടെയുള്ള രാജ്യങ്ങൾ വ്യോമപാതകൾ അടച്ചതോടെ ഇന്ത്യയിൽ നിന്നുള്ള വിദേശ സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. ഇന്ന് 444 സർവീസുകൾ കൂടി റദ്ദാക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. രണ്ട് ദിവസത്തിനിടെ 854 വിമാനങ്ങളാണ് സർവീസ് റദ്ദാക്കിയത്.
വ്യോമപാത അടച്ചതിനെത്തുടർന്ന് പ്രമുഖ വിമാനക്കമ്പനിയായ ഖത്തർ എയർവേയ്‌സ് തങ്ങളുടെ എല്ലാ സർവീസുകളും താൽക്കാലികമായി നിർത്തിവച്ചു. മേഖല സുരക്ഷിതമാണെന്ന് അധികൃതർ അറിയിച്ചാൽ മാത്രമേ ഇനി വിമാനങ്ങൾ പറന്നുയരൂ. ദുബായ് ഉൾപ്പെടെയുള്ള ഗൾഫ് വിമാനത്താവളങ്ങളിൽ ഇന്ത്യയുടെ ഒൻപതോളം വിമാനങ്ങൾ കുടുങ്ങിക്കിടക്കുന്നതായും റിപോർട്ടുകൾ ഉണ്ട്.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെയും ദുബായ് വേൾഡ് സെൻട്രൽ – അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലെയും വിമാന സർവീസുകൾ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവെച്ചു. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പോകരുതെന്നും വിമാനങ്ങളെക്കുറിച്ചുള്ള പുതിയ വിവരങ്ങൾക്കായി അതത് എയർലൈനുകളുമായി ബന്ധപ്പെടണമെന്നും അധികൃതർ നിർദ്ദേശിച്ചു.

