ഇറാന്‍റെ തിരിച്ചടി ഗള്‍ഫില്‍ തുടരുകയാണ്. ഇറാന്‍ മിസൈലുകള്‍ നിര്‍വീര്യമാക്കിയതായി യു.എ.ഇ പ്രതിരോധ മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്. ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍, യുഎഇ എന്നിവിടങ്ങളിലെ യു.എസ് കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്ന് ഇറാന്‍ അവകാശപ്പെടുമ്പോഴും ജനവാസമേഖലകളിലേക്ക് ആണ് ആക്രമണം വ്യാപിക്കുന്നത്.
കഴിഞ്ഞ രാത്രിയിൽ ദുബായ് ടെർമിനൽ മൂന്നിൽ വ്യോമാക്രമണം നടന്നതായി ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടുണ്ട്. 4 പേർക്ക് പരിക്കേറ്റു. ദുബായിലെ ബുർജ് അൽ അറബ് ഹോട്ടലിന് നേരെയും ഡ്രോൺ ആക്രമണം നടന്നു. ഹോട്ടലിനെ ലക്ഷ്യമാക്കി വന്ന ഡ്രോൺ അധികൃതർ തടഞ്ഞു. ഡ്രോണിന്‍റെ അവശിഷ്ടങ്ങൾ വീണ് ഹോട്ടലിന്റെ പുറംഭാഗത്ത് നേരിയ തീപിടുത്തമുണ്ടായതായി അധികൃതർ സ്ഥിരീകരിച്ചു. സിവിൽ ഡിഫൻസ് സംഘം ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ബുർജ് ഖലീഫയുടെ സമീപത്തും ഡ്രോൺ ആക്രമണം നടന്നതായി റിപോർട്ടുകൾ ഉണ്ട്.

