അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത സൈനിക നീക്കത്തിന്റെ ഭാഗമായി നടത്തിയ വ്യോമാക്രണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം സർക്കാർ പ്രഖ്യാപിച്ചു. ഇതിനൊപ്പം എഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ ഉണ്ടായ അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത വ്യോമാക്രമണത്തിലാണ് 86-കാരനായ ഖമനയി കൊല്ലപ്പെട്ടത്. ആയത്തുല്ല അലി ഖമനയിയുടെ ഓഫീസ് നിലനിൽക്കുന്ന കെട്ടിടം തകർത്താണ് ആക്രമണം നടന്നത്. ഖമനയിയുടെ മകളും മരുമകനും കൊച്ചുമകനും ഇതേ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസികളായ തസ്നീം, ഫാർസ് എന്നിവ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ വിവരം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴി പുറത്തുവിട്ടിരുന്നു. ‘ചരിത്രത്തിലെ ഏറ്റവും ക്രൂരനായ വ്യക്തികളിൽ ഒരാളായ ഖമനയി കൊല്ലപ്പെട്ടു. ഇത് ഇറാന്റെ ജനതയ്ക്കും ഖമനയിയുടെ രക്തദാഹികളായ ഗുണ്ടാസംഘത്താൽ പീഡിപ്പിക്കപ്പെട്ട അമേരിക്കക്കാർക്കും ലോകമെമ്പാടുമുള്ളവർക്കും ലഭിച്ച നീതിയാണ്,’ ട്രംപ് കുറിച്ചു. അമേരിക്കയുടെയും ഇസ്രായേലിന്റെയും അതിശക്തമായ ഇന്റലിജൻസ് ട്രാക്കിംഗ് സംവിധാനങ്ങളെ മറികടക്കാൻ ഖമനയിക്ക് കഴിഞ്ഞില്ലെന്നും ട്രംപ് അവകാശപ്പെട്ടു. ഇന്നലെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുയും ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടിരിക്കാം എന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞിരുന്നു.
ടെഹ്‌റാനിലെ ഖമേനിയുടെ ഔദ്യോഗിക വസതിക്ക് നേരെ നടന്ന അതിശക്തമായ ബോംബാക്രമണത്തിൽ കെട്ടിടം പൂർണ്ണമായും തകർന്നു. അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് ഖമനയിയുടെ മൃതദേഹം കണ്ടെടുത്തതെന്ന് ഇസ്രായേൽ മാധ്യമമായ കാൻ റിപ്പോർട്ട് ചെയ്തു. ഖമനയിയുടെ മൃതദേഹത്തിന്റെ ചിത്രം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും കൈമാറിയതായി ഇസ്രായേലിന്റെ ചാനൽ 12 വെളിപ്പെടുത്തി.

