കണ്ണൂർ ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം. പുലർച്ചെ നാലുമണിയോടെയാണ് സംഭവം. കാട്ടാനയുടെ ആക്രമണത്തിൽ പത്താം ബ്ലോക്കിലെ അനീഷ് (40) മരിച്ചു. വീട്ടുമുറ്റത്ത് വെച്ചാണ് കാട്ടാന അനീഷിനെ ആക്രമിച്ചത്. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന അനീഷിന് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ വീട്ടുകാർ പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്നും പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ആറളം ഫാമിൽ കാട്ടനയാക്രമണവും മരണവും തുടർക്കഥയാവുകയാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ ദമ്പതികൾ കാട്ടാനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടിരുന്നു.

