റാഞ്ചി: ജാർഖണ്ഡിലെ ചത്ര ജില്ലയിൽ എയർ ആംബുലൻസ് തകർന്നു വീണ് രോഗിയുൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന ഏഴുപേരും കൊല്ലപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരം റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. റെഡ്‌ബേർഡ് എയർവേയ്‌സ് എന്ന സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബീച്ച്ക്രാഫ്റ്റ് സി90 വിമാനമാണ് തകർന്നത്. രാത്രി 7.11-ഓടെ റാഞ്ചിയിൽ നിന്ന് പറന്നുയർന്ന വിമാനത്തിന് 7.34-ഓടെ കൊൽക്കത്ത എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. ചത്ര ജില്ലയിലെ സിമരിയ ബ്ലോക്കിലെ കസരിയ പഞ്ചായത്തിലെ വനമേഖലയിലാണ് വിമാനം തകർന്നു വീണതെന്ന് അധികൃതർ സ്ഥിരീകരിച്ചു.
ഗുരുതരമായി പൊള്ളലേറ്റ് വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് കൊണ്ടുപോവുകയായിരുന്ന സഞ്ജയ് കുമാർ (41) എന്ന രോഗിയും അദ്ദേഹത്തിന്റെ ബന്ധുക്കളും മെഡിക്കൽ സംഘവുമാണ് വിമാനത്തിലുണ്ടായിരുന്നത്. പൈലറ്റുമാരായ ക്യാപ്റ്റൻ വിവേക് വികാസ് ഭഗത്, ക്യാപ്റ്റൻ സവ്‌രാജ്ദീപ് സിംഗ് എന്നിവർക്ക് പുറമെ സഞ്ജയ് കുമാർ, ഡോക്ടർ വികാസ് കുമാർ ഗുപ്ത, പാരാമെഡിക് സച്ചിൻ കുമാർ മിശ്ര, അർച്ചന ദേവി, ധുരു കുമാർ എന്നിവരാണ് മരിച്ചത്.
സംഭവത്തിൽ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാജ്യത്ത് ഒരു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ചെറിയ വിമാനാപകടമാണിത്. ജനുവരി 28-ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അടക്കം അഞ്ചുപേർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടിരുന്നു.

