ലഖ്നൗ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ അപകീർത്തികരമായ ‘കൊലയാളി’ പരാമർശം നടത്തിയെന്ന മാനനഷ്ടക്കേസിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് സുൽത്താൻപൂർ കോടതിയിൽ ഹാജരായി. രാജ്യസഭാ എം.പി പ്രമോദ് തിവാരി, യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായ്, ആരാധന മിശ്ര എം.എൽ.എ തുടങ്ങിയ മുതിർന്ന നേതാക്കളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കേസിൽ വിചാരണ നടപടികളുടെ ഭാഗമായി രാഹുൽ ഗാന്ധിയുടെ മൊഴി രേഖപ്പെടുത്തുന്നതിനാണ് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചിരിക്കുന്നത്.
2018-ൽ കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബെംഗളൂരുവിൽ വെച്ച് അമിത് ഷായ്‌ക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗമാണ് കേസിനാധാരം. ഇതിനെതിരെ 2018 ഓഗസ്റ്റ് 4-നാണ് സുൽത്താൻപുരിലെ എം.പി-എം.എൽ.എ പ്രത്യേക കോടതിയിൽ ബി.ജെ.പി നേതാവ് വിജയ് മിശ്ര പരാതി നൽകിയത്.
ഈ കേസിൽ 2024 ഫെബ്രുവരിയിൽ രാഹുൽ ഗാന്ധിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. സമാന പരാമര്‍ശത്തില്‍ രാജ്യത്തെ വിവിധ കോടതികളില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു.

