പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മുൻ പോലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാട് പോക്സോ കേസിൽ പിടിയിൽ. കോഴിക്കോട് ചേവായൂർ സ്വദേശിയായ പതിനാറുകാരിയെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നതാണ് ഇയാൾക്കെതിരെയുള്ള പരാതി. 2025 സെപ്റ്റംബര്‍ മൂന്ന്, നാല് തീയതികളിലാണ് കേസിന് ആധാരമായ സംഭവം.
ചേവായൂർ പോലീസിൽ ലഭിച്ച പരാതി പിന്നീട് നടപടികൾക്കായി നിലമ്പൂർ പോലീസിന് കൈമാറുകയായിരുന്നു. കഴിഞ്ഞ രാത്രിയാണ് നിലമ്പൂർ പോലീസ് ഫിലിപ്പ് മമ്പാടിനെ കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിക്ക് മാനസികമായി പിന്തുണ നൽകാനെന്ന വ്യാജേന വിശ്വസിപ്പിച്ച് കാസർകോട്ടെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു എന്നാണ് ആരോപണം.
കേരള പോലീസിൽ സബ് ഇൻസ്പെക്ടറായിരുന്ന ഫിലിപ്പ് മമ്പാട് പിന്നീട് ജോലി രാജിവെച്ച് മോട്ടിവേഷൻ രംഗത്ത് സജീവമാകുകയായിരുന്നു. ലഹരിവിരുദ്ധ ക്ലാസുകളിലൂടെയും സോഷ്യൽ മീഡിയ വീഡിയോകളിലൂടെയും ഇയാൾക്ക് ലക്ഷക്കണക്കിന് ആരാധകരുണ്ട്. നിലവിൽ പോക്സോ വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം.

