തിരുവനന്തപുരം നഗരത്തിൽ ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിൽ നടൻ മണിയൻപിള്ള രാജു ഓടിച്ചിരുന്ന കാറിൽ യുവാക്കൾ സഞ്ചരിച്ച ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാർക്ക് ഗുരുതര പരിക്ക്. അതേഅസമയം സംഭവസമയത്ത് കാർ നിർത്താതെ പോയതിൽ നടൻ മണിയൻപിള്ള രാജുവിനെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ സ്റ്റേഷനിൽ ഹാജരായ നടൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയ്ക്കും തെളിവെടുപ്പിനും വിധേയനാക്കി. ഇതിനുപിന്നാലെ അദ്ദേഹത്തിന് സ്റ്റേഷൻ ജാമ്യം അനുവദിച്ചു.
ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. ട്രിവാൻഡ്രം ക്ലബ്ബിൽ നിന്ന് പുറത്തേക്ക് വന്ന കാറിൽ യുവാക്കൾ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയും കാർ നിർത്താതെ പോകുകയായിരുന്നു. അപകടമുണ്ടാക്കിയ മണിയൻപിള്ള രാജുവിൻ്റെ ഉടമസ്ഥതയിലുള്ള വോൾവോ കാർ പോലീസ് കണ്ടെടുത്തു.
ക്ലബിന് അകത്തുനിന്ന് പുറത്തേക്ക് വരികയായിരുന്ന ‘KL 01 CJ 04’ നമ്പറുള്ള കാറാണ് അപകടമുണ്ടാക്കിയത്. അപകടത്തിന് പിന്നാലെ വണ്ടി നിർത്താതെ ഓടിച്ചുപോയതായാണ് പരാതി. വെള്ളിയാഴ്ച രാവിലെ, നടൻ ഇന്നലെ രാത്രി എന്താണ് സംഭവിച്ചതെന്ന് വിശദീകരിച്ചുകൊണ്ട് മ്യൂസിയം പോലീസ് സ്റ്റേഷനിൽ എത്തിയത്. ജീവഹാനി വരുത്തുന്ന രീതിയിൽ അലക്ഷ്യമായി വാഹനമോടിച്ചു, അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയി, വിവരം ഉത്തരവാദിത്തപ്പെട്ട അധികൃതരെ അറിയിച്ചില്ല തുടങ്ങിയ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. അപകടം നടന്ന സമയത്ത് കാർ ഓടിച്ചിരുന്നത് താൻ തന്നെയാണെന്ന് മണിയൻപിള്ള രാജു പോലീസിനോടും മാധ്യമങ്ങളോടും സമ്മതിച്ചു. അമിതവേഗത്തിലെത്തിയ ബൈക്ക് കാറിൽ വന്നിടിക്കുകയായിരുന്നുവെന്നും അപകടം നടന്ന ഉടനെ താൻ പരിഭ്രമിച്ചു പോയതുകൊണ്ടാണ് വാഹനം നിർത്താതിരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. എങ്കിലും ഉടൻ തന്നെ സുഹൃത്തുക്കളെ വിളിച്ച് ആംബുലൻസ് സൗകര്യം ഏർപ്പാടാക്കാൻ ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്റ്റേഷനിൽ ഹാജരായ മണിയൻപിള്ള രാജുവിനെ ഉടൻ തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. അപകടം നടന്ന് 12 മണിക്കൂറിനുള്ളിൽ പരിശോധന നടത്തിയാൽ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ കഴിയുമെന്നാണ് പോലീസ് കരുതുന്നത്. മെഡിക്കൽ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും കേസിൽ കൂടുതൽ കടുത്ത വകുപ്പുകൾ ചേർക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. മനഃപൂർവ്വം വണ്ടി നിർത്താതെ പോയതാണോ അതോ അപകടം നടന്നത് ശ്രദ്ധയിൽപ്പെട്ടില്ലേ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. പരിക്കേറ്റവരുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം അന്വേഷണവുമായി മുന്നോട്ട് പോകാനാണ് മ്യൂസിയം പോലീസിൻ്റെ തീരുമാനം. അപകടത്തിൽ ബൈക്ക് യാത്രക്കാരായ നിദേവ് കൃഷ്ണ, സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഒരാള്‍ കിംസ് ആശുപത്രിയിലും ഒരാള്‍ മെഡിസിറ്റി ആശുപത്രിയിലും ചികിത്സയിലാണ്.

