തൃണമൂൽ കോൺഗ്രസ് കേരള ഘടകത്തെ യുഡിഎഫിലെടുത്തില്ലെങ്കില്‍ നിലമ്പൂരില്‍ പിവി അന്‍വര്‍ മത്സരിക്കും. യുഡിഎഫ് പ്രവേശന കാര്യത്തില്‍ തീരുമാനമെടുത്തില്ലെങ്കില്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുന്നറിയിപ്പ്. ഇന്ന് ചേര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് മണ്ഡലംകമ്മറ്റി യോഗത്തിന് ശേഷം, നേതാക്കളാണ് മുന്നണിയിലെടുത്തില്ലെങ്കിൽ അൻവർ മത്സരിക്കുമെന്ന് അറിയിച്ചത്. തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസിന് രണ്ട് ദിവസത്തെ സമയം നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു. മുന്നണിപ്രവേശനവുമായി ബന്ധപ്പെട്ട് രണ്ടു ദിവസങ്ങള്‍ക്കകം തീരുമാനമെടുക്കണമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് യുഡിഎഫിനോട് ആവശ്യപ്പെട്ടത്.
എന്നാല്‍ അന്‍വറിന്റെ ഭീഷണിക്ക് വഴങ്ങേണ്ടെന്നാണ് കോണ്‍ഗ്രസിലെ പൊതുവികാരം. ആരാണ് മുഖ്യ ശത്രുവെന്ന് അൻവർ വ്യക്തമാക്കണം എന്നാണ് കോൺഗ്രസിന്റെ നിലപാട്. വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ വിജയസാധ്യത ഉള്ള ഒരു സീറ്റും അനുയായികള്‍ക്ക് മത്സരിക്കാന്‍ രണ്ട് സീറ്റും വേണമെന്നാണ് അന്‍വറിന്റെ ആവശ്യം. കഴിഞ്ഞ ദിവസം ആര്യാടന് ഷൗക്കത്തിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ പിവി അന്‍വര്‍ രംഗത്ത് വന്നിരുന്നു.