വിമാനത്താവളത്തിൽ കുറഞ്ഞ ചെലവിൽ ഭക്ഷണം കഴിക്കാൻ സാധിക്കുന്ന ഉഡാൻ യാത്രി കഫേ പദ്ധതിയുമായി കേന്ദ്ര സർക്കാർ. കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്റനാഷണൽ വിമാനത്താവളത്തിൽ വ്യോമയാന മന്ത്രി കെ രാംമോഹൻ നായിഡുവാണ് ആദ്യ കഫേ ഉദ്ഘാടനം ചെയ്തത്. കഫേയിൽ മിതമായ നിരക്കിൽ ചായയും ലഘുഭക്ഷണവും കുടിവെള്ളവുമൊക്കെ ലഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. വിമാനത്താവളത്തിന്റെ നൂറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ആദ്യ കഫെ പ്രവർത്തനം തുടങ്ങിയത്. ഈ കഫെ വിജയിച്ചാൽ കൂടുതൽ വിമാനത്താവളങ്ങളിൽ തുറക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.
എഎപി എംപി രാഘവ് ഛദ്ദയാണ് വിമാനത്താവളങ്ങളിലെ ഭക്ഷണങ്ങളുടെ അമിത നിരക്കിനെപ്പറ്റി പാർലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. ഇതോടെ വിമാന യാത്രക്കാർക്ക് ചായ കുടിക്കാൻ 250 രൂപയോ കുടിവെള്ളത്തിന് 100 രൂപയോ ചെലവാക്കേണ്ടി വരില്ലെന്ന് എംപി പറഞ്ഞു. നേരത്തെ ചെലവു കുറഞ്ഞ വിമാന യാത്ര സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ഉഡാൻ പദ്ധതി കൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വിമാനത്താവളങ്ങളിൽ ചെലവ് കുറഞ്ഞ ഭക്ഷണം നൽകാൻ ഉഡാൻ യാത്രി കഫേ തുറന്നിരിക്കുന്നത്.
ഉഡാൻ സ്കീമിനു കീഴിലുള്ള ഫ്ലൈറ്റുകൾ ഓപ്പറേറ്റ് ചെയ്യുന്ന വിമാനത്താവളങ്ങളിലായിരിക്കും ‘ഉഡാൻ യാത്രി’കഫേ ആദ്യഘട്ടത്തിൽ ആരംഭിക്കുക. ചായ, കാപ്പി, സ്നാക്സ്, വെള്ളം എന്നിവയായിരിക്കും കിയോസ്കുകളിലുണ്ടാവുക.