ഏറെ നാടകങ്ങൾക്കൊടുവിൽ പൊലീസ് കസ്റ്റഡിയിലെടുത്ത കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ പ്രാഥമികമായി ചോദ്യം ചെയ്യുന്നതിനായി കണ്ണൂര്‍ ക്രൈം ബ്രാഞ്ച് ഓഫിസിലെത്തിച്ചു. ദിവ്യ പൊലീസില്‍ കീഴടങ്ങാനെത്തിയപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നെന്ന് കമ്മിഷണര്‍ വിശദീകരിച്ചിരുന്നു. കണ്ണപുരത്തുവച്ചാണ് ദിവ്യ പൊലീസ് കസ്റ്റഡിയിലാകുന്നത്. കണ്ണപുരത്തേക്ക് ദിവ്യ ആസൂത്രിതമായി കണ്ണപുരത്തേക്ക് എത്തിയെന്നാണ് വിവരം. ദിവ്യയ്‌ക്കൊപ്പം ഡ്രൈവറുമുണ്ടായിരുന്നു. കൂടാതെ പാർട്ടി പ്രവർത്തകരും കൂടെ ഉണ്ടായിരുന്നു. കസ്റ്റഡിയിൽ എടുത്തു എന്നത് നാടകം ആയിരുന്നു എന്നാണ് വിവരം. മാധ്യമങ്ങളെയും മറ്റും ഒഴിവാക്കി ഏറെ രഹസ്യമായാണ് കീഴടങ്ങൽ നടത്തിയത്.
ദിവ്യയെ ക്രൈം ബ്രാഞ്ച് ഓഫിസിലെത്തിക്കുന്നതിനിടെ വാഹനങ്ങള്‍ക്കുനേരെ വഴിമധ്യേ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. ഡിസിസി ഓഫിസിന് മുന്നില്‍ കോണ്‍ഗ്രസ് കൊടികളേന്തിയെത്തിയ ചെറുസംഘം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനത്തിന് മുന്നിലേക്ക് കൊടിവീശുകയും കൂകിവിളിക്കുകയുമായിരുന്നു. ദിവ്യയുടെ അറസ്റ്റ് പൊലീസ് വൈകിപ്പിച്ചെന്ന ആരോപണത്തിന് പിന്നാലെയായിരുന്നു പ്രതിഷേധം.
കണ്ണൂര്‍ എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദിവ്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തിരുന്നു. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിനായി ദിവ്യ കോടതിയെ സമീപിക്കുകയായിരുന്നു. യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു നവീന്‍ ബാബു ജീവനൊടുക്കിയത്.