കെപിസിസി പ്രസിഡന്റും കണ്ണൂര്‍ എം.പിയുമായ കെ. സുധാകരന്റെ വീട്ടിൽനിന്ന് കൂടോത്രത്തിന്റേതെന്ന് ആരോപിക്കപ്പെടുന്ന വസ്തുക്കള്‍ കണ്ടെടുത്തു. സുധാകരന്റെ കണ്ണൂര്‍ നടാലിലെ വീട്ടിൽനിന്ന് ചില വസ്തുക്കൾ കണ്ടെടുത്തെന്നാണ് വിവരം. സുധാകരന്റെ കണ്ണൂരിലെ വീട്ടിൽ നിന്ന് സുധാകരനും രാജ്മോഹൻ ഉണ്ണിത്താനും ഒരു മന്ത്രവാദിയും ചേർന്ന് തകിടും ചില രൂപങ്ങളും കണ്ടെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഒന്നരവർഷം മുമ്പത്തെ ദൃശ്യങ്ങളാണിത്. ജീവൻ പോകാത്തത് ഭാഗ്യമെന്ന് കെ. സുധാകരൻ ഉണ്ണിത്താനോട് പറയുന്നത് കേള്‍ക്കാം.
മന്ത്രവാദം എന്ന് തോന്നിക്കുന്ന തരത്തിൽ തകിടും ആൾ രൂപവും തെയ്യത്തിന്റെ രൂപമുള്ള വസ്തുക്കളും കണ്ടെടുത്തതെന്നാണ് ലഭിക്കുന്ന വിവരം. കിഴിയിൽ തെയ്യത്തിന്റെ രൂപവും തകിടുകളില്‍ കാലിന്റേയും ഉടലിന്റേയും തലയുടേയും രൂപങ്ങളുമാണ് കണ്ടെത്തിയത്. കുഴിച്ചിട്ട നിലയിലുള്ള ചില വസ്തുക്കൾ പുറത്തെടുക്കുന്നതാണ് വീഡിയോയിലുള്ളത്. കാലിന് പ്രശ്നങ്ങളുണ്ടോയെന്ന് മന്ത്രവാദി ചോദിക്കുമ്പോള്‍ ബലക്ഷയമുണ്ടായിരുന്നെന്ന് സുധാകരന് മറുപടി നല്‍കുന്നതും വീഡിയോയിലുണ്ട്. വീടിന്റെ രൂപങ്ങളും തകിടില്‍ ഉണ്ടെന്ന് മന്ത്രവാദി പറയുന്നുണ്ട്. തന്റെ ജീവന് ഒന്നും സംഭവിക്കാതിരുന്നത് ഭാഗ്യമെന്നും കെ. സുധാകരന് വീഡിയോയില്‍ പറയുന്നുണ്ട്.
ചില തിരിച്ചടികള്‍ ഉണ്ടായ സമയത്ത് ഒരു മന്ത്രവാദിയെ സുധാകരൻ സമീപിക്കുകയും തുടര്‍ന്ന് മന്ത്രവാദിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പരിശോധന നടത്തുകയുമായിരുന്നെന്നാണ് സൂചന. പത്തനംതിട്ടയില്‍നിന്നുള്ള മന്ത്രവാദിയാണ് വസ്തുക്കള്‍ കണ്ടെടുത്തതെന്നാണ് വിവരം. തുടർന്ന് പരിഹാരക്രിയകളും നടത്തിയെന്ന് സൂചനയുണ്ട്. വസ്തുക്കള്‍ കണ്ടെടുത്ത കാര്യം സുധാകരന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ പുറത്തുവന്നത് പഴയ വീഡിയോയാണെന്ന് അദ്ദേഹം പറഞ്ഞു. ഉണ്ണിത്താനോട് ചോദിച്ചാല്‍ കാര്യങ്ങള്‍ അറിയാമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.