ട്രാഫിക് സിഗ്‌നലിൽ ഇടിച്ച കല്ലട ബസ് ബൈക്കിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. വാഗമൺ സ്വദേശി ജിജോ സെബാസ്റ്റ്യനാണ് (33) മരിച്ചത്. ബസ് സിഗ്നൽ പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം. 25 മിനിറ്റോളം ബസിനടിയിൽ കുടുങ്ങിക്കിടന്നിരുന്നു. ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴിയാണ് ജിജോ മരിച്ചത്. കൊച്ചി മരടിനടുത്ത് മാടവനയിലാണ് അപകടം.
നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്. മാടവന ജങ്ഷനിൽ ഞായറാഴ്ച രാവിലെ ആയിരുന്നു അപകടം. നിലവിൽ ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ബസ്സിനൊപ്പം അപകടത്തിൽ പെട്ട ബൈക്ക് യാത്രക്കാരനാണ് മരിച്ച ജിജോ. ജിജോയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ കൂടുതൽ പേരെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമം നടന്നുവരികയാണ്.
അപകടത്തിന് പിന്നാലെ ബസിന്റെ ഡ്രൈവർ പരുക്കുകളോടെ ഓടി രക്ഷപ്പെട്ടെന്ന് പൊലീസ് പറയുന്നു. നാട്ടുകാർ രക്ഷപ്രവർത്തനം നടത്തുന്നതിനിടെയാണ് ഡ്രൈവർ രക്ഷപ്പെട്ടത്. റെഡ് സിഗ്‍നൽ വന്നതോടെ ബസ് നിർത്താനുള്ള ശ്രമത്തിൽ സഡൻ ബ്രേക്കിട്ടതാണ് അപകടത്തിനു കാരണമായത്. പൊലീസും നാട്ടുകാരും ചേർന്ന് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്. 42 പേരാണ് ബസിലുണ്ടായിരുന്നതെന്ന് നാട്ടുകാർ പറയുന്നു.