ജീവനക്കാരുടെ സമരം പിൻവലിച്ചെങ്കിലും എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളുടെ പ്രതിസന്ധി അവസാനിച്ചിട്ടില്ല. ഇന്നും വിവിധയിടങ്ങളിലേക്കുള്ള ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ മുടങ്ങി. ജീവനക്കാരുടെ സമരം മൂലം രണ്ട് ദിവസത്തിനിടെ മുടങ്ങിയത് 180 ഓളം സർവീസുകൾ ആണ്. 5 വിമാനങ്ങൾ റദ്ദാക്കി.
പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള കാലാതാമസമാണ് പ്രതിസന്ധി തുടരാനുള്ള കാരണം. കൊച്ചിയിൽ നിന്നും ബഹ്റൈൻ, ഹൈദരാബാദ്, ദമാം, കൊൽക്കത്ത, ബെംഗളൂരു വിമാനങ്ങളാണ് ഇന്ന് റദ്ദാക്കിയത്. ഷെഡ്യൂൾ ചെയ്ത സർവീസുകളാണ് റദ്ദ് ചെയ്തിരിക്കുന്നത്. ഇക്കാര്യം യാത്രക്കാരെ ഇന്നലെ തന്നെ കമ്പനി അറിയിച്ചു. ഇന്നലെയും കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ട ആറു വിമാനങ്ങൾ റദ്ദാക്കിയിരുന്നു. 2 ദിവസത്തിനകം സർവീസുകൾ പൂർണതോതിൽ പുനരാരംഭിക്കാനാകുമെന്ന് വിമാനക്കമ്പനി അധികൃതർ വ്യക്തമാക്കിയിരുന്നു. ജീവനക്കാർ തിരികെ എത്തുന്നതോടെ പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് വ്യക്തമാക്കുന്നത്.
മുൻകൂർ അറിയിപ്പൊന്നും കൂടാതെ എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ജീവനക്കാർ ഒരേ സമയം അവധി എടുത്തതിനെ തുടർന്ന് നിരവധി വിമാനങ്ങൾ വൈകുകയും റദ്ദാക്കുകയും ചെയ്തു. ഇതെതുടർന്ന് കേരളത്തിലെയുൾപ്പടെ നിരവധി യാത്രക്കാരും വിമാനത്താവളങ്ങളിൽ കുടുങ്ങി. എയർലൈൻ കമ്പനി പിന്നീട് പുതുക്കിയ ഫ്ലൈറ്റ് ഷെഡ്യൂൾ പുറത്തിറക്കുകയും വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് തങ്ങളുടെ വിമാന സർവ്വീസ് ഉണ്ടോയെന്ന് പരിശോധിക്കാൻ യാത്രക്കാരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.