തൃശ്ശൂർ പീച്ചി ഡാമിൽ കാണാതായ എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ ഭാരവാഹിയുമായ യഹിയയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6.30 ഓടെ ആണ് യഹിയയെ പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കാണാതായത്. രണ്ടു സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ ഇയാൾ മുങ്ങി പോവുകയായിരുന്നു. അപകടം നടന്ന ഉടൻ പീച്ചി പോലീസ് സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല.
മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് സ്കൂബ ടീം മൃതദേഹം കണ്ടെത്തിയത്. മലപ്പുറം താനൂർ സ്വദേശിയാണ്. എറണാകുളം മഹാരാജാസ് കോളജ് എം എസ് സി ബോട്ടണി വിദ്യാർഥിയായ യഹിയ പീച്ചി വന ഗവേഷണ കേന്ദ്രത്തിൽ ഇൻ്റേൺഷിപ്പിന് എത്തിയതായിരുന്നു. മന്ത്രി കെ രാജൻ ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി ഇവിടെ എത്തിയിരുന്നു. തൃശ്ശൂർ ജില്ലാ ആശുപത്രിയിലേക്കാണ് മൃതദേഹം മാറ്റിയിരിക്കുന്നത്.