സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 3ന് തുറക്കും. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. സ്കൂളുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അറ്റകുറ്റ പണികൾ നടത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. സ്കൂളുകളിലെ ഉപയോഗ ശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്യണമെന്ന് നിർദേശം നൽകി. കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കാനും മുഖ്യമന്ത്രി നിർദേശം നൽകി. സ്കൂൾ തുറക്കുന്നതിന് മുൻപ് നിർദേശങ്ങൾ ഉറപ്പാക്കണണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്കൂളുകളിൽ നിർത്തിയിട്ട ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്യണം. ഉപയോഗശൂന്യമായ ഫർണിച്ചർ, മറ്റ് ഉപകരണങ്ങൾ എന്നിവ നീക്കം ചെയ്യുകയോ പ്രത്യേക മുറിയിൽ സൂക്ഷിക്കുകയോ വേണം. സ്കൂൾ പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങൾ, ബോർഡുകൾ, ഹോർഡിംഗ്സ് എന്നിവ മാറ്റണം. സ്കൂളിലേയ്ക്കുളള വഴി, പരിസരം എന്നിവിടങ്ങളിലെ അപകടാവസ്ഥയിൽ നിൽക്കുന്ന വൈദ്യുത പോസ്റ്റുകൾ, വൈദ്യുത കമ്പികൾ എന്നിവ ഒഴിവാക്കണം.
സ്കൂൾ ബസ്സുകൾ, സ്കൂളിൽ കുട്ടികളെ എത്തിക്കുന്ന മറ്റ് സ്വകാര്യ വാഹനങ്ങൾ എന്നിവയുടെ ഫിറ്റ്നസ് പരിശോധിച്ച് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം ക്യാംപെയ്ൻ നടത്താനും വസ്ത്രം, പുസ്തകം, ഉച്ചഭക്ഷണം ഉറപ്പാക്കാനും നിർദേശം ഉണ്ട്. സ്കൂൾ പരിസരത്ത് ലഹരി പദാർത്ഥങ്ങളുടെ ഉപയോഗവും വിൽപ്പനയും നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. യോഗത്തിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, ആർ. ബിന്ദു, എം.ബി. രാജേഷ്, കെ. രാജൻ, പി. രാജീവ് എന്നിവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.