ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്ത് എത്തും.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ കേരള പദയാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് മോദിയെത്തുന്നത്. അര ലക്ഷം പേർ സെൻട്രൽ സ്റ്റേഡിയത്തിലെ സമ്മേളനത്തിനെത്തുമെന്ന് ബിജെപി നേതാക്കൾ അറിയിച്ചു. നാളെ രാവിലെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രിക്ക് ബിജെപി പ്രവര്‍ത്തകര്‍ ആവേശോജ്വല വരവേല്‍പ്പ് നല്‍കും. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കമാനങ്ങളും കട്ടൗട്ടുകളും ഉയര്‍ന്നു കഴിഞ്ഞു. വിവിധ നിയോജക മണ്ഡലങ്ങളില്‍ നിന്നായി പുതിയതായി ബിജെപിയിലെത്തിയ ആയിരത്തോളം പേരും കേന്ദ്ര സര്‍ക്കാരിന്‍റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളായവരും സമ്മേളനത്തിനെത്തും.
രാവിലെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി ഐഎസ്ആര്‍ഒയിലെ ഔദ്യോഗിക പരിപാടിക്കു ശേഷമാകും ബിജെപിയുടെ സമ്മേളന നഗരിയിലേക്കെത്തുക. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പടുകൂറ്റന്‍ സമ്മേളനവേദിയാണ് ഒരുക്കിയിട്ടുള്ളത്. രാവിലെ 10ന് സമ്മേളനം ആരംഭിക്കും. കെ. സുരേന്ദ്രനെ കൂടാതെ കേന്ദ്രമന്ത്രി വി.മുരളീധരന്‍, ദേശീയ നിര്‍വ്വാഹകസമിതി അംഗങ്ങളായ കുമ്മനംരാജശേഖരന്‍, പി.കെ.കൃഷ്ണദാസ്, സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കര്‍, ജില്ലാ അധ്യക്ഷന്‍ വി.വി. രാജേഷ്, ദേശീയ, സംസ്ഥാന, ജില്ലാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും.
മോദിയുടെ ഈ വര്‍ഷത്തെ ആദ്യ തിരുവനന്തപുരം സന്ദര്‍ശനം ചരിത്ര സംഭവമാക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞതായി ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചു
രാവിലെ 10ന് വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി വിഎസ്എസ്‌സിയിലേക്കു പോകും. അവിടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനു ശേഷമാണു പതിനൊന്നരയോടെ സെൻട്രൽ സ്റ്റേഡിയത്തിലെ സമ്മേളന വേദിയിലേക്കെത്തുക. ജനുവരിയിൽ രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി കേരളത്തിലെത്തിയിരുന്നു. കൊച്ചിയിൽ എത്തിയ മോദിയെ മുഖ്യമന്ത്രി പിണറായി വിജയനാണ് സ്വീകരിച്ചത്.