രാജ് ഭവന്റെയും ഗവർണറുടെയും സുരക്ഷയ്ക്കായി സിആർപിഎഫിനെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്രസർക്കാർ സംസ്ഥാനത്തിന് കൈമാറി. ഇസ്ഡ് പ്ലസ് സുരക്ഷ നൽകുന്നതിൻെറ ഭാഗമായി സിആർപിഎഫിനെ നിയോഗിക്കുന്നുവെന്ന് മാത്രമാണ് ആഭ്യന്തരമന്ത്രാലയത്തിൻെറ ഉത്തരവിലുള്ളത്. സുരക്ഷാക്രമീകരണം തീരുമാനിക്കാൻ നാളെ രാജ്ഭവനിൽ യോഗം ചേരും. ഇതോടെ രാജ് ഭവൻെറ സുരക്ഷയ്ക്ക് പൊലീസും സിആർപിഎസും ഉള്‍പ്പെടുന്ന സാഹചര്യമുണ്ടാകും.
കേരളത്തിൽ നിലവിൽ മുഖ്യമന്ത്രിക്ക് മാത്രമായിരുന്നു Z+ സുരക്ഷ ഉണ്ടായിരുന്നത്. ഇതാണ് ഗവർണർക്കും രാജ്ഭവനും പുതുതായി ഏർപ്പെടുത്തിയത്. എസ്പിജി സുരക്ഷക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന സുരക്ഷാ പരിരക്ഷയാണ് Z പ്ലസ്. ഈ സുരക്ഷാ സംവിധാനത്തിൽ സിആർപിഎഫ് കമാൻഡോകൾക്കൊപ്പം 55 സുരക്ഷ ഉദ്യോഗസ്ഥരും ഉൾപ്പെടും.
ഗവർണർക്കെതിരായ തുടർ പ്രതിഷേധങ്ങൾക്ക് പിന്നാലെ ശനിയാഴ്ചയാണ് രാജ്ഭവന്റെ സുരക്ഷാ ചുമതല സിആർപിഎഫിന് കേന്ദ്രസർക്കാർ കൈമാറിയത്. കൊല്ലം നിലമേലിലെ എസ്എഫ്ഐ പ്രതിഷേധത്തെ തുടർന്ന് പ്രധാനമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും ഗവർണർ ആശയവിനിമയം നടത്തി. ഇതിന് പിന്നാലെയാണ് 30 അംഗ സിആർപിഎഫ് സംഘം ഗവർണറുടെ സുരക്ഷയ്ക്ക് എത്തിയത്.
ഇതിന് തൊട്ടുപിന്നാലെ സിആർപിഎഫ് സംഘം രാജഭവനിൽ എത്തി. മസ്കറ്റ് ഹോട്ടലിലെ പരിപാടിക്കും തുടർന്ന് വിമാനത്താവളത്തിലേക്ക് സിആർപിഎഫ് സംഘം ഗവർണറെ അനുഗമിച്ചിരുന്നു.