ഉത്തർപ്രദേശിലെ ഭോജിപുരയ്ക്ക് സമീപം ബറേലി-നൈനിറ്റാൾ ഹൈവേയിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുട്ടിയുൾപ്പെടെ എട്ട് പേർ മരിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം. ട്രക്കുമായി കൂട്ടിയിടിച്ച വാഹനത്തിന് തീപിടിച്ചിരുന്നു. കാർ സെൻട്രൽ ലോക്ക് ആയതിനാൽ വാഹനത്തിലുണ്ടായിരുന്നവർക്ക് രക്ഷപ്പെടാനായില്ലെന്ന് പോലീസ് പറഞ്ഞു. കൂട്ടിയിടിയിൽ ട്രക്കിന്റെ ഡമ്പറിൽ ഇടിച്ചതിനെ തുടർന്ന് ടയർ പൊട്ടുകയും കാർ ഹൈവേയുടെ എതിർവശത്ത് നിന്ന് തെന്നിമാറുകയും ചെയ്തു. ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്.
ബറെയ്ലിയിലെ ബഹേഡി ജില്ലയിലെ ഡബോറ ഗ്രാമത്തിൽനിന്നുള്ളവരാണ് മരിച്ചത്.
കാറിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുത്തിട്ടുണ്ട്. 7 മുതിർന്നവരും ഒരു കുട്ടിയുമുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. തുടർനടപടികൾ പുരോഗമിക്കുകയാണ്. ഉത്തരാഖണ്ഡിൽ നിന്ന് മണൽ കയറ്റി വന്ന ട്രക്കുമായാണ് കാർ കൂട്ടിയിടിച്ചത്. സമീപത്ത് താമസിക്കുന്ന നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. ഉടൻതന്നെ സ്ഥലത്തെത്തിയ പൊലീസും അഗ്നരക്ഷാസേനയും തീയണച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.