‘കാക്ക’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി ലക്ഷ്മിക സജീവൻ എന്ന രേഷ്മ (24) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഷാർജയിൽ വച്ചാണ് മരണം. ഷാർജയിൽ ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു ലക്ഷ്മിക. പള്ളുരുത്തി കച്ചേരിപ്പടി വാഴവേലിൽ വീട്ടിൽ സജീവന്റെയും ലിമിറ്റയുടെയും മകളാണ്.
‘കാക്ക’ എന്ന ഹ്രസ്വചിത്രത്തിലെ പഞ്ചമി എന്ന കഥാപാത്രത്തിലൂടെയാണ് ലക്ഷ്മിക ശ്രദ്ധേയയാവുന്നത്. നിറത്തിന്റെ പേരിൽ വീട്ടുകാരിൽ നിന്നുപോലും അവഗണനകൾ നേരിടുന്ന പഞ്ചമി പിന്നീട് തന്റെ കുറവിനെ പോസിറ്റീവായി കാണുകയും സധൈര്യം നേരിടുകയും ചെയ്യുന്നതായിരുന്നു ‘കാക്ക’ പറയുന്ന കഥ. തുടർന്ന് ഒരു യമണ്ടൻ പ്രേമകഥ, പഞ്ചവർണത്തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരെ, ഒരു കുട്ടനാടൻ ബ്ലോഗ്, നിത്യഹരിത നായകൻ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.