ആന്ധ്രാപ്രദേശിൽ ഇന്നലെയുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. മരിച്ചവരിൽ പാലസ എക്സ്പ്രസിന്റെ ലോക്കോ പൈലറ്റും ഗാർഡും ഉൾപ്പെടുന്നു. അപകടത്തിൽ 50 പേർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു ആന്ധ്രയിലെ വിഴിയനഗരത്തിൽ എതിർദിശയിലുള്ള ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. വിഴിയനഗര ജില്ലയിലെ കണ്ടകപ്പള്ളി എന്ന സ്ഥലത്താണ് അപകടമുണ്ടായത്.
അപകടത്തിന്റെ പശ്ചാത്തലത്തിൽ റെയിൽവെ മന്ത്രാലയം ഹെൽപ് ലൈൻ നമ്പറുകൾ പുറത്തുവിട്ടു. ആന്ധ്രയിലെ വിശാഖപട്ടണം റെയിൽവെ സ്റ്റേഷൻ കേന്ദ്രീകരിച്ചാണ് റെയിൽവെ ഹെൽപ് ലൈൻ ആരംഭിച്ചിരിക്കുന്നത്. (ഭുവനേശ്വർ – 0674-2301625, 2301525, 2303069, വാൾട്ടയർ – 0891-2885914.)
ഓവർ ഹെഡ് കേബിൾ പൊട്ടിയതിനാൽ പാസഞ്ചർ ട്രെയിൻ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതിലേക്ക് അതേ ട്രാക്കിലൂടെ വന്ന പാലസ എക്സ്പ്രസ് ഇടിച്ചു കയറി. പാസഞ്ചറിന്റെ മൂന്ന് ബോഗികൾ പാളം തെറ്റി. ആ ബോഗികളിൽ ഉണ്ടായിരുന്നവർ ആണ് മരിച്ചത്. സിഗ്നൽ പിഴവ് ആണോ അപകടത്തിന് കാരണം എന്ന് പരിശോധിക്കുമെന്ന് ഡിവിഷണൽ മാനേജർ അറിയിച്ചു. സ്ഥലത്ത് രക്ഷാ പ്രവർത്തനം തുടരുകയാണ്. റെയിൽവേ ഹെല്പ്ലൈൻ നമ്പറുകൾ പുറത്തിറക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി അപകടത്തെക്കുറിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് റിപ്പോർട്ട് തേടി.
അതേസമയം മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സ്ഥിതിഗതികൾ അവലോകനം ചെയ്യുകയും അപകടത്തിൽ മരണപ്പെട്ടവർക്ക് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. അപകടത്തിൽപ്പെട്ട ട്രെയിനിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ടെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. യാത്രക്കാർക്ക് വേണ്ടി പ്രത്യേക ട്രെയിനുകൾ വിശാഖപട്ടണത്ത് നിന്നും പുറപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.