അയോദ്ധ്യ ശ്രീരാമക്ഷേത്രവിഗ്രഹ പ്രതിഷ്ഠയുടെ തിയതി പ്രഖ്യാപിച്ചു. 2024 ജനുവരി 22 നാകും അയോധ്യ രാമക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠ നടത്തുക. 7 ദിവസം നീണ്ടുനിൽക്കുന്ന ചടങ്ങുകളോടെയാണ് പ്രതിഷ്ഠചടങ്ങുകൾ നടക്കുക. ക്ഷേത്രത്തിന്റെ അവസാന നിർമ്മാണ പ്രവർത്തികൾ ഈ വർഷം ഡിസംബറോടെ പൂർത്തിയാകുമെന്ന് നിർമാണ കമ്മിറ്റി ചെയർപേഴ്സൺ നൃപേന്ദ്ര മിശ്ര വ്യക്തമാക്കി.
പ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. അയോധ്യയിൽ എത്തുന്ന പ്രധാനമന്ത്രി 5 ദിവസം അവിടെ തങ്ങും. ജനുവരി 20 മുതൽ 24 വരെയാകും പ്രധാനമന്ത്രി അയോധ്യയിൽ തങ്ങുകയെന്ന് നൃപേന്ദ്ര മിശ്ര പറഞ്ഞു. 2020 ഓഗസ്റ്റ് 5 ന് പ്രധാനമന്ത്രി മോദി അയോധ്യയിൽ രാമക്ഷേത്രത്തിന് തറക്കല്ലിട്ടത്. 40 കിലോഗ്രാം തൂക്കമുള്ള വെള്ളിശില പാകി. ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച പൂജകൾക്കു ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ന് ശിലാസ്ഥാപന കർമ്മം നടത്തിയത്.
അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും എത്തിയേക്കുമെന്നാണ് സൂചന.