ചെങ്കോട്ടയിൽ പതാകയുയർത്തി നടത്തിയ തന്റെ തുടർച്ചയായ പത്താം സ്വാതന്ത്ര്യദിന പ്രസംഗത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണിപ്പൂർ പരാമർശം. രാജ്യം മണിപ്പൂരിലെ ജനങ്ങൾക്കൊപ്പമാണ്. സമാധാനത്തിന്റെ വാർത്തകളാണ് മണിപ്പൂരിൽ നിന്ന് ഇപ്പോൾ വരുന്നതെന്നും സമാധാനത്തിലൂടെ മാത്രമേ പരിഹാരം കാണാനാകൂ എന്നും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രവും സംസ്ഥാന സർക്കാരും പരിഹാരം കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയാണ്. സംസ്ഥാനത്ത് അക്രമം നിലനിന്നിരുന്നു. അമ്മമാരുടെയും പെൺമക്കളുടെയും മാനത്തെ ചോദ്യം ചെയ്തിരുന്നു.
ഈ സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ ‘140 കോടി കുടുംബാംഗങ്ങൾക്ക്’ ആശംസകൾ നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും ജനസംഖ്യയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യവുമാണ് ഇന്ത്യ. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് സംഭാവന നൽകിയ എല്ലാ ധീരഹൃദയർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും മോദി പറഞ്ഞു.