പലിശനിരക്കിൽ തുടർച്ചയായ മൂന്നാം തവണയും മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്. കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ തുടര്‍ച്ചയായി ആറു തവണ വര്‍ധിപ്പിച്ച റിപ്പൊ നിരക്ക് ഏപ്രില്‍ മുതല്‍ മാറ്റമില്ലാതെ തുടരുകയാണ്. ഇതോടെ റിപ്പോ നിരക്ക് 6.5 ശതമാനമായിത്തന്നെ തുടരും. ആറംഗ ധനനയ സമിതിയുടെ തീരുമാനം ഗവർണർ ശക്തികാന്ത ദാസാണ് പ്രഖ്യാപിച്ചത്. പണപെരുപ്പം പിടിച്ചു നിര്‍ത്തുന്നതിനുള്ള നടപടികള്‍ക്കായി വിപണിയെ സസൂക്ഷ്മം വീക്ഷിക്കുമെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു
വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് അനുവദിക്കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്. റിപ്പോ നിരക്ക് നിലനിർത്തിയതോടെ ബാങ്കുകളിൽനിന്നുള്ള വായ്പകളുടെ പലിശനിരക്ക് കൂടില്ല. വായ്പകളുടെ പ്രതിമാസ തിരിച്ചടവുകളിലും വർധനയുണ്ടാകില്ല. റിപ്പോ നിരക്ക് 6.5 ശതമാനമാക്കി നിലനിർത്താൻ ഏകകണ്‌ഠേന തീരുമാനം.സ്റ്റാൻഡിങ് ഡെപോസിറ്റ് ഫെസിലിറ്റി റേറ്റ് 6.25 ശതമാനം ആണ്. മാർജിനൽ സ്റ്റാൻഡിങ് ഫെസിലിറ്റി റേറ്റ് 6.75 ശതമാനം ആണ് .
ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം (സിപിഐ) ജൂണിൽ അഞ്ചു ശതമാനത്തിൽ താഴെ നിൽക്കുന്ന പശ്ചാത്തലത്തിലാണ് പലിശ നിരക്കിൽ മാറ്റം വരുത്തേണ്ടെന്ന് ആർബിഐ തീരുമാനിച്ചത്. ബാങ്കുകൾ സൂക്ഷിക്കേണ്ട കരുതൽ ധനാനുപാതത്തിലും (സിആർആർ) മാറ്റമില്ല. ഇത് 4.50 ശതമാനം. ഇന്ത്യയുടെ ശക്തമായ മാക്രോ ഇക്കണോമിക് അടിസ്ഥാനം ശക്തമായ വളർച്ചയിലേക്ക് നയിച്ചു, ആഗോള വളർച്ചയിൽ ഇന്ത്യ ഏകദേശം 15 ശതമാനം സംഭാവന ചെയ്യുന്നതായും റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു.