കോട്ടയം പാണ്ടൻചിറയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യാത്രക്കാരന് ഗുരുതര പരിക്ക്. മുണ്ടക്കയം ചോറ്റി സ്വദേശി വാകത്താനം പാണ്ടൻചിറ ഓട്ടക്കുന്ന് വീട്ടിൽ സാബുവിനാണ് (57) ഗുരുതര പരിക്കേറ്റത്. വീടിനു സമീപമെത്തിയപ്പോൾ വലിയ ശബ്ദത്തോടെ കാറിന് തീപിടിക്കുകയായിരുന്നു. കാർ പൂർണ്ണമായും കത്തി നശിച്ചു. ഗുരുതരമായി പൊള്ളലേറ്റ സാബുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. യാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു സാബു. കാർ കത്തിയതിന്റെ ശാസ്ത്രീയ കാരണങ്ങൾ കണ്ടുപിടിക്കാനുള്ള നടപടികൾ ആരംഭിച്ചതായി പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ച്പൊട്ടിത്തെറിച്ച് മാവേലിക്കര പുളിമൂട് സ്വദേശി കൃഷ്ണ പ്രകാശ് മരിച്ചത്. മാവേലിക്കര ഗേൾസ് സ്കൂളിനു സമീപം കമ്പ്യൂട്ടർ സ്ഥാപനം നടത്തുന്ന പുളിമൂട് ജ്യോതി വീട്ടിൽ വാടകയ്ക്ക് താമസിക്കുന് കൃഷ്ണ പ്രകാശ് എന്ന കണ്ണൻ ആണ് മരിച്ചത്. കാർ വീട്ടിലേക്ക് കയറ്റുന്ന സമയം വാഹനം വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
സമാനമായ മറ്റൊരു സംഭവത്തില്‍ ജൂലൈ രണ്ടാം വാരത്തില്‍ ഷൊർണൂരിൽ ചെറുതുരുത്തി സ്വദേശി റിസ്വാന്റെ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചിരുന്നു. കാറിന്റെ ഉൾഭാഗം സംഭവത്തില്‍ മുഴുവനും കത്തി നശിച്ചു. റിസ്വാനും കാറിലുണ്ടായിരുന്ന മറ്റുള്ളവരും ഉടൻ തന്നെ കാറിൽ നിന്നും പുറത്തിറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി.