ദേവസ്വം വരുമാനത്തെ മിത്ത് മണിയെന്ന് പറയണമെന്ന നടന് സലീംകുമാറിന്റെ പരാമര്‍ശത്തിനെതിരെ മന്ത്രി കെ രാധാകൃഷ്ണന്. സംഭാവനയെ കളിയാക്കേണ്ട കാര്യമില്ല, ഭക്തരുടെ സംഭാവനയും വഴിപാടുമാണ് ദേവസ്വം വരുമാനം, ഇതില്‍ നിന്ന് സര്‍ക്കാര്‍ ഒന്നും എടുക്കുന്നില്ല, ദേവസ്വം ബോര്‍ഡാണ് പണം ചിലവഴിക്കുന്നത് – സലീംകുമാറിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാധാകൃഷ്ണന് പറഞ്ഞു.
ആരുടെയും വിശ്വാസത്തെ വ്രണപ്പെടുത്താന്‍ സര്‍ക്കാരിന് ആഗ്രഹമില്ല. മിത്തില്‍ ശാസ്ത്രമുണ്ടോയെന്ന് പരിശോധിക്കേണ്ടത് ദേവസ്വം മന്ത്രിയുടെ ഉത്തരവാദിത്വമല്ലെന്നും എല്ലാ ഇടതുപക്ഷ സര്‍ക്കാരുകളും വിശ്വാസികളെ മാനിക്കുകയും സഹായിക്കുകയുമാണ് ചെയ്തിട്ടുള്ളത് എന്നും രാധാകൃഷ്ണന് പറഞ്ഞു.
ദേവസ്വം മന്ത്രിയെ മിത്തിസം മന്ത്രിയെന്ന് വിളിക്കണമെന്നും ഭണ്ഡാരത്തില് നിന്നുള്ള പണത്തെ മിത്തുമണിയെന്നും വിളിക്കണമെന്നും സലീം കുമാര്‍ പറഞ്ഞിരുന്നു. സംസ്ഥാനത്തെ മിത്ത് വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.