അണ്ണാമലൈയുടെ പദയാത്രയുമായി വിജയ്ക്ക് ബന്ധമില്ലെന്ന് ആരാധക കൂട്ടായ്മയായ വിജയ് മക്കൾ ഇയക്കം വ്യക്തമാക്കി. ബിജെപി പദയാത്രയിൽ വിജയ് മക്കൾ ഇയക്കത്തിന്റെ പതാക കണ്ടതിൽ ആണ് വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബുസി ആനന്ദ് ആണ് നിലപാട് വ്യക്തമാക്കിയത്. പദയാത്രയിൽ പങ്കെടുത്തവർ വിജയ് ആരാധക കൂട്ടായ്മയുടെ ഭാഗമല്ല എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറെ നാളുകളായി വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന തരത്തിലുള്ള വാർത്തകൾ വന്നിരുന്നു. കൂടാതെ വിജയ് ആരാധക കൂട്ടായ്മ ദളപതി വിജയ് മക്കൾ ഇയക്കം യോഗവും ചേർന്നു. യോഗത്തിൽ വിജയ് നേരിട്ട് പങ്കെടുത്തില്ലെങ്കിലും ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിരുന്നു. അഭിഭാഷകർ കൂടിയുള്ള യോഗത്തിൽ ഏറ്റവും പ്രധാനമായെടുത്ത തീരുമാനം സൗജന്യ നിയമോപദേശ കേന്ദ്രങ്ങൾ തുടങ്ങുക എന്നതാണ്. വിജയുടെ നിർദേശപ്രകാരമാണ് സൗജന്യ നിയമോപദേശ കേന്ദ്രങ്ങൾ തുടങ്ങാനുള്ള തീരുമാനം യോഗത്തിലെടുത്തത്.
തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലും വിവിധ പദ്ധതികൾ തുടങ്ങാനും ക്ഷേമപ്രവർത്തങ്ങൾ നടത്താനും യോഗം തീരുമാനിച്ചിരുന്നു. കര്‍ഷകരെ ലക്ഷ്യം വച്ചുള്ള പുതിയ പദ്ധതിക്കും തുടക്കം കുറിച്ചിരുന്നു. ആരാധക കൂട്ടായ്മ മുഖേന അര്‍ഹരായ കർഷകർക്ക് ആടുകളെയും പശുക്കളെയും നൽകാനാണ് പദ്ധതി. കൂടാതെ നിര്‍ധന കുട്ടികൾക്ക് സായാഹ്ന ക്ലാസ്സ് തുടങ്ങാനുള്ള നീക്കവും വിജയ് നേരത്തെ ആരംഭിച്ചിരുന്നു. നിര്‍ധന കുടുംബങ്ങളിലെ കുട്ടികൾക്കായി എല്ലാ മണ്ഡലങ്ങളിലും വിജയ് മക്കൾ ഇയക്കം സായാഹ്നക്ലാസ്സുകൾ തുടങ്ങും. ഭാവിയിലെ വോട്ടര്‍മാരെ ഒപ്പം നിർത്താൻ കാമരാജ് മാതൃകയിലുള്ള പദ്ധതികളാണ് ദളപതി വിജയ് മക്കൾ ഇയക്കം ആവിഷ്കരിക്കുന്നത്.