ബെംഗളുരുവിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ട തീവ്രവാദസംഘത്തെ അറസ്റ്റ് ചെയ്തതായി പൊലീസ്. കർണാടക സ്വദേശികളായ അഞ്ച് പേരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് നിരവധി സ്ഫോടക വസ്തുക്കളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ഹെബ്ബാളിനടുത്തുള്ള സുൽത്താൻപാളയയിലെ ഒരു വീട്ടിൽ നിന്ന് ഇന്ന് പുലർച്ചെ സെൻട്രൽ ക്രൈം ബ്രാഞ്ച് സംഘം ആണ് അറസ്റ്റ് ചെയ്തത്.
10 പേരടങ്ങുന്ന ഭീകരസംഘമാണ് സ്ഫോടനത്തിന് പദ്ധതിയിട്ടതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഒളിവിലുള്ള അഞ്ച് പേർക്കായുള്ള അന്വേഷണം തുടരുകയാണ്. ബെംഗളുരുവിൽ വൻ സ്ഫോടനം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്ന് സെൻട്രൽ ക്രൈം ബ്രാഞ്ച് പറയുന്നു. ഇവർക്ക് ലഷ്കർ ഇ ത്വയ്യിബ ഭീകരരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതായും സിസിബി വ്യക്തമാക്കുന്നു. വൻ ആയുധ ശേഖരമാണ് ഇവരിൽ നിന്ന് പൊലീസ് പിടിച്ചെടുത്തത്.
അറസ്റ്റിലായ അഞ്ച് പ്രതികള്‍ക്കും 2017ലെ കൊലപാതകക്കേസിലും പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു. ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ച ഇവര്‍ ചില ഭീകരരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും സ്ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ പരിശീലനം നേടുകയും ചെയ്തുവെന്നാണ് കണ്ടെത്തല്‍.