ഏക സിവില്‍ കോഡിനെതിരെ സിപിഎം കോഴിക്കോട്ട് സംഘടിപ്പിക്കുന്ന സെമിനാറില്‍ കേന്ദ്ര കമ്മറ്റി അംഗവും ഇടതുമുന്നണി കണ്‍വീനറുമായ ഇപിജയരാജന് പങ്കെടുക്കില്ല. കോഴിക്കോട് സെമിനാർ നടക്കുമ്പോൾ ഇ പി തലസ്ഥാനത്താണുള്ളത്. ഡിവൈ ഫ്ഐ നിർമ്മിച്ച് നൽകിയ സ്നേഹ വീടിന്റെ താക്കോൽദാനത്തിനാണ് ഇ.പി.തിരുവനന്തപുരത്ത് എത്തിയത്.
അതേസമയം ഏകീകൃത സിവിൽ കോഡ് സെമിനാറിൽ ഇടതുമുന്നണി കൺവീനറെ ക്ഷണിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎം ജനറൽ സെക്രട്ടറിയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. ആ പരിപാടിയിൽ കേന്ദ്രകമ്മിറ്റിയംഗങ്ങളും പിബി അംഗങ്ങളും പങ്കെടുക്കണം. പാർട്ടി തീരുമാനം എല്ലാവർക്കും ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോഴിക്കോട്ടെ സെമിനാർ ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട സിപിഎമ്മിന്റെ ആദ്യത്തെ പരിപാടിയാണ്. ഇടതുമുന്നണിയുടെ പരിപാടിയല്ല. ജയരാജന്റെ പേര് നോട്ടീസിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഇനിയും സെമിനാറുകളും പരിപാടികളും എല്ലാ ജില്ലകളിലും സിപിഎം സംഘടിപ്പിക്കും. അവിടങ്ങളിൽ ഇപി ജയരാജൻ അടക്കമുള്ള നേതാക്കൾ പങ്കെടുക്കും. കോഴിക്കോട്ടെ സെമിനാറിൽ പങ്കെടുക്കാത്തതിന്റെ കാരണം ജയരാജനോട് തന്നെ ചോദിക്കണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.