മദ്ധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ ഒരു ചീറ്റ കൂടി ചത്തു. ഇതോടെ നാല് മാസത്തിനിടെ ഇവിടെ ചത്ത ചീറ്റകളുടെ എണ്ണം ഏഴായി. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തേജസ് എന്ന ആണ് ചീറ്റ ചത്തതെന്ന് അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ കുനോ നാഷണൽ പാർക്കിലെ മോണിറ്ററിംഗ് ടീം അംഗങ്ങൾ തേജസിന്റെ കഴുത്തിന്റെ മുകൾഭാഗത്ത് പരിക്കേറ്റ പാടുകൾ കണ്ടെത്തിയിരുന്നു. ഉടന്‍ തന്നെ ഡോക്ടര്‍മാരെ വിവരമറിയിക്കുകയും ചെയ്തിരുന്നു. മുറിവുകൾ ഗുരുതരമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് തേജസിനെ മയക്കി ചികിത്സയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തിയെങ്കിലും ഉച്ചയ്ക്ക് രണ്ട് മണിയോടെ വലിയ ചീറ്റ മരണത്തിന് കീഴടങ്ങി.
പരിക്കുകള്‍ എങ്ങനെ ഉണ്ടായെന്ന കാര്യത്തില്‍ അന്വേഷണം നടക്കുകയാണെന്നും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാവുകയുള്ളൂ എന്നും പ്രിന്‍സിപ്പല്‍ ചീഫ് ഫോറന്‍സ്റ്റ് കണ്‍സര്‍വേറ്റര്‍ ജെ.എസ് ചൗഹാന് പറഞ്ഞു. അതേസമയം ഇണചേരലിനിടെ നഭ എന്ന പെൺ ചീറ്റയുമായുണ്ടായ ഏറ്റുമുട്ടലിനിടെ തേജസിന് പരിക്കേറ്റുവെന്നും ചികിത്സ ലഭിക്കുന്നതിന് മുമ്പ് ചത്തതായും മൃഗ ഡോക്ടർമാർ വെളിപ്പെടുത്തി. എന്നാൽ സംഭവത്തിൽ ഭോപ്പാൽ വാൻ വിഹാറിലെ വെറ്ററിനറി ഡോക്ടർമാരായ ഡോ അതുൽ ഗുപ്തയും ജബൽപൂരിലെ വെറ്ററിനറി കോളേജിലെ ഡോ കാജലും ഇതുവരെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.
സാഷ എന്ന് പേരിട്ടിരുന്ന ഒരു പെണ് ചീറ്റ മാര്‍ച്ച് 27ന് വൃക്ക രോഗത്തെ തുടര്‍ന്ന് ചത്തിരുന്നു. പിന്നീട് ഏപ്രില്‍ 23ന് ഉദയ് എന്ന മറ്റൊരു ആണ് ചീറ്റ ഹൃദയ – ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ കാരണവും ചത്തു. മേയ് ഒന്‍പതിന് മറ്റൊരു ചീറ്റയുടെ ആക്രമണത്തില്‍ ഒരു പെണ് ചീറ്റ ചത്തു. മേയ് 25ന് രണ്ട് ചീറ്റ കുഞ്ഞുങ്ങളും ചത്തു. കടുത്ത കാലാവസ്ഥ സഹിക്കാനാവാത്തതും നിര്‍ജലീകരണവുമാണ് അതിന് അന്ന് കാരണമായി പറഞ്ഞത്.
നമീബിയയിൽനിന്നും സൗത്താഫ്രിക്കയിൽനിന്നും കൊണ്ടുവന്ന 20 ചീറ്റകളെയാണ് മധ്യപ്രദേശിൽ സംരക്ഷിക്കുന്നത്. ചീറ്റ പദ്ധതിയുടെ മേൽനോട്ടത്തിനായി കേന്ദ്ര സര്‍ക്കാര്‍ മേയ് അവസാനം മുതിർന്ന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരും വന്യജീവി വിദഗ്ധരും ഉൾപ്പെടുന്ന 11 അംഗ ഉന്നതതല സമിതി രൂപീകരിച്ചിരുന്നു.