തിരുവനന്തപുരം മൃഗശാലയിൽനിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ മൂന്നാംദിനവും കൂട്ടിൽ കയറ്റാനായില്ല. കൂട്ടിൽ കയറാതെ ഹനുമാൻ കുരങ്ങ് മരത്തിൽ തന്നെ തുടരുകയാണ്. കുരങ്ങ് മരത്തിൽ നിന്ന് രണ്ടുതവണ താഴെയിറങ്ങി വന്നു. ഭക്ഷണം എടുത്തശേഷം തിരികെ മരത്തിലേക്ക് തന്നെ മടങ്ങിയെന്നും അധികൃതർ പറയുന്നു.
ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ പരീക്ഷണാർഥം കൂട് തുറന്നപ്പോഴാണ് മൂന്നു വയസുള്ള പെൺകുരങ്ങ് ജീവനക്കാരുടെ കണ്ണ് വെട്ടിച്ചു കടന്നുകളഞ്ഞത്. കൂട്ടിൽനിന്ന് ഇറങ്ങിയ ഉടൻ മരങ്ങളിലേക്ക് കയറി കുരങ്ങ് അകന്നുപോയി. നന്ദൻകോട് ഭാഗത്തെത്തിയ കുരങ്ങ് പിന്നീട് തിരികെ മൃഗശാല വളപ്പിലേക്ക് മടങ്ങിയെത്തി. ഇന്നലെ ഇണയെ കാട്ടി കൂട്ടിലെത്തിക്കാനുള്ള ശ്രമം നടന്നിരുന്നുവെങ്കിലും വിഫലമായി. ഹനുമാൻ കുരങ്ങിനെ പ്രകോപിപ്പിച്ച് ബലപ്രയോഗത്തിലൂടെ കൂട്ടിലെത്തിക്കാൻ ശ്രമിക്കില്ലെന്ന് മൃഗശാല അറിയിച്ചിരുന്നു. കുരങ്ങിനെ ജീവനക്കാർ എല്ലാസമയവും നിരീക്ഷിക്കുന്നുണ്ട്.