500 രൂപ നോട്ടുകള്‍ പ്രചാരത്തില്‍ നിന്ന് പിന്‍വലിക്കാനോ 1000 രൂപ നോട്ടുകള്‍ വീണ്ടും അവതരിപ്പിക്കാനോ ആലോചിക്കുന്നില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. 2000 രൂപ നോട്ടുകള്‍ പ്രചാരത്തില്‍ നിന്ന് പിന്‍വലിച്ച പശ്ചാത്തലത്തിലാണ് ആര്‍ബിഐ ഗവര്‍ണറുടെ വിശദീകരണം. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളില്‍ 50 ശതമാനവും തിരിച്ചെത്തി. 2000 രൂപ നോട്ടുകളുടെ മൊത്തം 3.62 ലക്ഷം കോടി രൂപ പ്രചാരത്തിലുണ്ടായിരുന്നു. പ്രഖ്യാപനത്തിന് ശേഷം ഏകദേശം 1.8 ലക്ഷം കോടി രൂപയുടെ 2000 രൂപ നോട്ടുകള്‍ തിരിച്ചെത്തി. തിരിച്ചെത്തിയ നോട്ടുകളുടെ മൂല്യം 1.82 ലക്ഷം കോടി രൂപയാണ് എന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു.
മെയ് 19 ന് ആണ് ആര്‍ബിഐ വിപണിയില്‍ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള 2000 രൂപ കറന്‍സി നോട്ട് പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചത്. എന്നാല്‍ നോട്ടുകള്‍ നിയമാനുസൃതമായി തുടരുമെന്നും കൂട്ടിച്ചേര്‍ത്തു. സെപ്തംബര്‍ 30 വരെ ആളുകള്‍ക്ക് ഒരേസമയം 20,000 രൂപ വരെ നോട്ടുകള്‍ നിക്ഷേപിക്കാനോ മാറ്റി വാങ്ങാനോ കഴിയുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.