ഇടുക്കി ചിന്നക്കനാലിൽ നിന്ന് പിടികൂടി പെരിയാർ പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പൻ കുമളിക്കടുത്തുള്ള റോസാപ്പൂക്കണ്ടം ഭാഗത്ത് നിന്ന് നൂറു മീറ്റർ അടുത്ത് ജനവാസമേഖലയിൽ എത്തി. ബുധനാഴ്ച രാത്രിയാണ് സംഭവം. പെരിയാർ വന്യജീവി സങ്കേതത്തോട് അതിർത്തി പങ്കിടുന്ന ജനവാസമേഖലയാണ് കുമളി. റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ ആകാശത്തേയ്ക്ക് വെടിവച്ച് ആനയെ കാട്ടിലേക്ക് തുരത്തി. റോസപ്പൂകണ്ടം ഭാഗത്തു നിന്നും ഒന്നര കിലോമീറ്റർ മാത്രം അകലെ വനത്തിനുള്ളിൽ ആണ് ഇപ്പോൾ അരിക്കൊമ്പനുള്ളത്.