പുണ്യമായ ശബരിമലയോട് ചേർന്ന് പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി പൂജ നടത്തിയ സംഭവത്തിൽ ഇടനിലക്കാരൻ ചന്ദ്രശേഖരന്‍ അറസ്റ്റിലായി. സംഭവത്തിൽ തമിഴ്നാട് സ്വദേശി നാരായണൻ അടക്കം ഒൻപത് പേർക്കെതിരെയാണ് മൂഴിയാർ പൊലീസ് കേസെടുത്തത്. വനം വികസന കോർപ്പറേഷൻ ജീവനക്കാരായ രാജേന്ദ്രന്‍, സാബു എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ഇടുക്കി ആനവിലാസത്ത് നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
പൊന്നമ്പലമേട്ടിൽ പൂജ നടത്തിയ നാരായണൻ ഒളിവിലാണ്. ഇയാളടക്കമുള്ള പ്രതികളെ കണ്ടെത്താനായി വനം വകുപ്പ് അന്വേഷണ സംഘം തമിഴ്നാട്ടില്‍ തെരച്ചില്‍ നടത്തുന്നുണ്ട്. മതവിശ്വാസത്തെ അവഹേളിക്കണമെന്ന് ഉദ്ദേശത്തോടെ ആരാധന സ്ഥലത്തേക്ക് കടന്ന് കയറുക, മതവിശ്വാസം അവഹേളിക്കാനായി ബോധപൂർവ്വം പ്രവർത്തിക്കുക, നിയമവിരുദ്ധ പ്രവർത്തനത്തിനായി സംഘം ചേരുക തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പൊലീസിന്‍റെ സഹായത്തോടെ പ്രതികളുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷനും വനം വകുപ്പ് ശേഖരിച്ചിട്ടുണ്ട്.