കർണാടകയിൽ നിയമസഭാ തെരെഞ്ഞെടുപ്പിൽ റെക്കോർഡ് പോളിങ് രേഖപ്പെടുത്തി. 73.19 ശതമാനം പോളിങാണ് ഇത്തവണ രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോളിങ് നടന്ന ചിക്കബല്ലാപുര ജില്ലയിൽ 85.56 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. 1952ന് ശേഷമുള്ള ഏറ്റവുമുയർന്ന പോളിംഗ് ശതമാനമാണിത്. കഴിഞ്ഞ തവണ ഇത് 72.45 ആയിരുന്നു പോളിംഗ്. 2018ൽ കുറിച്ച പോളിങ് റെക്കോർഡ് 72.10% ആണ് ഇക്കുറി തിരുത്തിയത്. ഏറ്റവും കുറവ് പോളിങ് നടന്നത് ബെംഗളൂരു സൗത്തിലാണ്. 52.33 ശതമാനം വോട്ടുകളാണ് ബെംഗളൂരു സൗത്തിൽ പോൾ ചെയ്തത്. പോസ്റ്റൽ വോട്ടുകൾ ഉൾപ്പടെ ചേർത്താണ് കണക്ക്. വോട്ടെടുപ്പ് അവസാനിച്ച് 24 മണിക്കൂറിന് ശേഷമാണ് അന്തിമ കണക്കുകൾ പുറത്തുവിട്ടത്.
അതെസമയം കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ നാളെയാണ്. വോട്ടെടുപ്പിന് ശേഷം പത്ത് എക്സിറ്റ് പോൾ ഫലങ്ങളാണ് പുറത്ത് വന്നത്. ഇതിൽ അഞ്ചും കർണാടകയിൽ തൂക്ക് നിയമസഭയാകും എന്ന് പ്രവചിക്കുന്നത്. ഇതിൽ നാലെണ്ണം കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും എന്നാണ് പറയുന്നത്. ഒരു എക്സിറ്റ് പോൾ സർവേ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് പറയുന്നു. നാല് എക്സിറ്റ് പോൾ ഫലങ്ങൾ കോൺഗ്രസിന് അധികാരം പ്രവചിക്കുന്നു.