പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും തെഹ്രി കെ ഇൻസാഫ് പാർട്ടി തലവനുമായ ഇമ്രാൻ ഖാൻ അറസ്റ്റിൽ. ഇസ്ലാമാബാദ് ഹൈക്കോടതിക്ക് പുറത്തുവച്ച് അർധസൈനിക വിഭാഗം ഇമ്രാനെ പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രധാനമന്ത്രിയായിരിക്കെ വിദേശത്തുനിന്നു ലഭിച്ച വിലയേറിയ സമ്മാനങ്ങൾ കൂടിയ വിലയ്ക്കു വിറ്റെന്നും ഇതിന്റെ കണക്കുകൾ മറച്ചുവച്ച് നികുതി വെട്ടിച്ചെന്നതുമായി ബന്ധപ്പെട്ട തോഷഖാന കേസിലാണ് അറസ്റ്റെന്നാണ് വിവരം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇസ്ലാമാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി ആയിരുന്ന സമയത്ത് ലഭിച്ച വിദേശ ഉപഹാരങ്ങൾ തോഷാഖാന വകുപ്പിൽ നിന്ന് നിയമപ്രകാരമുള്ള ഇളവനുസരിച്ച് വാങ്ങി കോടികളുടെ ലാഭത്തിന് മറിച്ചുവിറ്റെന്നും ഇത് ആദായനികുതി റിട്ടേണിൽ നിന്നും ഇലക്ഷൻ കമ്മീഷനിൽ നിന്നും മറച്ചുവച്ചെന്നുമാണ് ഇമ്രാനെതിരെയുള്ള തോഷഖാന കേസ്. പാക് ഭരണാധികാരികൾക്ക് ലഭിക്കുന്ന ഉപഹാരങ്ങൾ സൂക്ഷിക്കുന്ന വകുപ്പാണ് തോഷാഖാന.
ഇമ്രാൻ ഖാനെതിരെ 60 ലധികം കേസുകളാണ് പാകിസ്ഥാനിലുള്ളത്. ഈ കേസുകളില്‍ മുന്‍കൂര്‍ ജാമ്യം തേടിയുള്ള ഹര്‍ജി പരിഗണിക്കവേ ഇസ്ലാമാബാദ് ഹൈക്കോടതി ഹാജറാകുന്നതിനിടെയാണ് ഇമ്രാൻ ഖാന് അറസ്റ്റിലായത്. തോഷഖാന അഴിമതിക്കേസിൽ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ പലതവണ ശ്രമിച്ചെങ്കിലും എല്ലാം വിഫലമായിരുന്നു. അനുയായികളുടെ സഹായത്തോടെയാണ് ഇമ്രാൻ പിടികൊടുക്കാതെ പിടിച്ചുനിന്നത്. ഇതേത്തുടർന്ന് പൊലീസും ഇമ്രാന്റെ അനുയായികളും തമ്മിൽ സംഘർഷമുണ്ടായിരുന്നു.