പൊന്നാനിയിൽ ഉല്ലാസ ബോട്ടുകൾ സർവ്വീസ് നടത്തുന്ന ബോട്ട് യാത്ര താൽക്കാലികമായി നിർത്താൻ നഗരസഭ തീരുമാനം. സുരക്ഷ സംവിധാന പരിശോധനക്ക് ശേഷം സർവ്വീസ് നടത്തിയാൽ മതിയാണെന്നാണ് നഗരസഭയുടെ തീരുമാനം. മലപ്പുറം ജില്ലയിൽ ഏറ്റവും കൂടുതൽ ബോട്ട് സർവ്വീസ് ഉള്ളത് ഇവിടെയാണ്. ഇരുപതോളം യാത്രാബോട്ടുകളാണ് ഇവിടെയുള്ളത്.
ബോട്ടുടമകളുടെ യോഗം ചേരനും തീരുമാനമായി. ഫിറ്റ്നസ്, മറ്റ് രേഖകൾ എന്നിവ തുറമുഖ വകുപ്പ് പരിശോധിച്ച് ഉറപ്പാക്കിയ ശേഷമേ ബോട്ടുകൾ സർവിസ് നടത്താനാകൂ. സുരക്ഷയില്ലാതെയും, മാനദണ്ഡങ്ങൾ പാലിക്കാതെയുമാണ് പൊന്നാനിയിൽ ബോട്ടുകൾ സർവ്വീസ് നടത്തുന്നതെന്ന റിപ്പോർട്ട് ചൊവ്വാഴ്ച പൊന്നാനി തഹസിൽദാർ ജില്ല കലക്ടർക്ക് കൈമാറുമെന്നാണ് അറിയുന്നത്.
വേനലവധി തുങ്ങിയതോടെ കുട്ടികളടക്കം പൊന്നാനിയിലെ നിളയോര പാതയിൽ ദിവസേനയെത്തുന്നത് ആയിരങ്ങൾ ആണ്. അനുവദനീയമായതിൽ ഇരട്ടിയോളം പേരെ കയറ്റിയാണ് പല ബോട്ടുകളും സർവ്വീസ് നടത്തുന്നത്. ലൈഫ് ജാക്കറ്റുകൾ ബോട്ടിലുണ്ടാകുമെങ്കിലും ആരും ധരിക്കാറില്ല എന്നും പരാതികളുണ്ട്. തിരക്ക് കൂടുന്ന സമയങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് ജാക്കറ്റുകൾ ഉണ്ടാകാറുമില്ല. അനിയന്ത്രിത തിരക്കുണ്ടാകാറുണ്ടെങ്കിലും പരിശോധനക്ക് പൊലീസോ, ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ എത്താറില്ലെന്ന ആക്ഷേപമുണ്ട്. ഇരുട്ട് വീഴും മുമ്പ് സർവ്വീസ് നിർത്തണമെന്ന് കർശന നിർദേശമുണ്ടെങ്കിലും പാലിക്കാറില്ല. മിക്ക ദിവസങ്ങളിലും രാത്രി 7.30 വരെ സർവീസ് നീളും. പാതയോരങ്ങളിൽ തെരുവ് വിളക്കുകൾ ഇല്ലാത്തും വെല്ലുവിളിയാണ്.