ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ച പ്രവാസി മലയാളികളുടെ ആദ്യ സംഘം ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലെത്തി. “ഓപ്പറേഷന് കാവേരി”യിൽ എറണാകുളം കാക്കനാട് സ്വദേശികളായ ബിജി ആലപ്പാട്ട്, ഭാര്യ ഷാരോണ്‍ ആലപ്പാട്ട്, മക്കളായ മിഷേല്‍ ആലപ്പാട്ട്, റോഷല്‍ ആലപ്പാട്ട്, ഡാനിയേല്‍ ആലപ്പാട്ട് എന്നിവരും ഇടുക്കി കല്ലാര്‍ സ്വദേശി ജയേഷ് വേണുവുമാണ് രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. ഡല്‍ഹിയില്‍ നിന്ന് 5.30ന് എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇവര്‍ കൊച്ചിയിലേക്ക് പുറപ്പെട്ടത്.
അഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ നിന്ന് ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ശ്രമങ്ങൾതുടരുകയാണ്. സൗദി അറേബ്യയുടെ സഹകരണത്തോടെയാണ് ഇന്ത്യന്‍ രക്ഷാദൗത്യമായ ”ഓപ്പറേഷൻ കാവേരി’ യിൽ ആദ്യ സംഘത്തിലുള്ളത് 360 ഇന്ത്യക്കാരാണുള്ളത്. ജിദ്ദ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഉച്ചയ്ക്ക് 1.56ന് പുറപ്പെട്ട സൗദി അറേബ്യൻ എയർലൈൻസ് വിമാനം രാത്രി ഒമ്പത് മണിയോടെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി.
കൊല്ലം കൊട്ടാരക്കര സ്വദേശികളായ തോമസ് വര്‍ഗീസ്, ഭാര്യ ഷീലാമ്മ തോമസ് വര്‍ഗീസ്, മകള്‍ ഷെറിന് തോമസ് എന്നിവരുടെ കുടുംബം ഡല്‍ഹിയില്‍ നിന്ന് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തും.
സുഡാനീസ് സൈന്യവും അർദ്ധസൈനിക ദ്രുത സപ്പോർട്ട് ഫോഴ്സും (ആർഎസ്എഫ്) തീവ്രമായ ചർച്ചകൾക്ക് ശേഷം 72 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് സുഡാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ ‘ഓപ്പറേഷൻ കാവേരി’യ്ക്ക് കീഴിൽ സർക്കാർ ശക്തമാക്കിയത്. സുഡാനിൽ നിന്നും ഇന്ത്യക്കാരെ സൗദി അറേബ്യൻ നഗരമായ ജിദ്ദയിലേക്ക് എത്തിക്കുകയും അവിടെ നിന്ന് ഡൽഹിയിലേക്ക് എത്തിയ്ക്കുകയുമാണ്.