കൊച്ചിയിൽ പതിനായിരക്കണക്കിന് ജനങ്ങൾ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാനത്തെ ആദ്യ റോഡ് ഷോയ്ക്ക് എതിരെ പരാതി. ഗതാഗത നിയമം തെറ്റിച്ച് തുറന്ന ഡോറിൽ തൂങ്ങി യാത്ര നടത്തിയെന്നാണ് പരാതി. തിരുവില്വാമല സ്വദേശി ജയകൃഷ്ണനാണ് പരാതിക്കാരൻ. ഡിജിപിക്കും മോട്ടോർ വാഹന വകുപ്പിനുമാണ് പരാതി നല്‍കിയിരിക്കുന്നത്.
നിയമം എല്ലാവർക്കും ബാധകമെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താൻ നടപടി വേണമെന്നും പരാതിക്കാരന് ആവശ്യപ്പെട്ടുന്നു. ഡ്രൈവറുടെ കാഴ്ച മറയ്ക്കും വിധം ഗ്ലാസ് പൂക്കൾ കൊണ്ട് മറച്ചുവെന്നും പരാതിയില്‍ പറയുന്നു. കേരളീയ വേഷത്തിലെത്തിയ നരേന്ദ്രമോദി ആദ്യം കാൽനടയായും പിന്നീട് വാഹനത്തിലുമായി റോഡരികിൽ നിന്ന ആയിരങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ടാണ് മുന്നേറിയത്. കാറിൽ കയറിയ അദ്ദേഹം ഡോർ തുറന്നിട്ട് ഫൂട്ട്ബോഡില്‍ നിന്ന് ഒരു കൈ വീശിയായിരുന്നു പിന്നീട് യാത്ര ചെയ്തത്.