അരിക്കൊമ്പനെ പിടികൂടണമെന്ന് ആവശ്യപ്പെട്ടുള്ള സ്വകാര്യ വ്യക്തി നൽകിയ ഹർജി സുപ്രീംകോടതി തള്ളി. നേരത്തെ സംസ്ഥാനത്തിന്റെ ഹർജി തള്ളിയതാണെന്ന് കോടതി പറഞ്ഞു. ഇടുക്കിയിൽ ഭീതി വിതക്കുന്ന അരിക്കൊമ്പനെ പിടിക്കാനുള്ള തീരുമാനം അനിശ്ചിതത്വത്തിലാണ്. ദൗത്യവുമായി എത്തിയ സംഘം ഒരുമാസത്തിലേറെയായി ചിന്നക്കനാലിൽ തുടരുകയാണ്.
അതേസമയം അതേസമയം, അരിക്കൊമ്പനെ പിടിച്ച് മാറ്റേണ്ട സ്ഥലം സംബന്ധിച്ച് തീരുമാനമെടുക്കാൻ ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി ഓൺലൈനായി യോഗം ചേരുകയാണ്. സ്ഥലം തീരുമാനിച്ചാൽ രഹസ്യമായി സർക്കാരിനെയും ഹൈക്കോടതിയെയും അറിയിക്കാനാണ് സാധ്യത. ആനയെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനുള്ള തീരുമാനവും ഉണ്ടാവും. എന്നാൽ ജനങ്ങളുടെ കടുത്ത എതിർപ്പാണ് പറമ്പിക്കുളത്തുനിന്നും ഉണ്ടാവുന്നത്.
അതിനിടെ ഇടുക്കിയിലെ ചിന്നക്കനാൽ 301 കോളനിയിൽ വീണ്ടും കാട്ടാന ആക്രമണം ഉണ്ടായി. ചക്കക്കൊമ്പനാണ് ഇന്നലെ ആക്രമണം നടത്തിയത് എന്നാണ് സംശയിക്കുന്നത്. കോളനിയിൽ താമസിക്കുന്ന ലീല ചന്ദ്രൻ്റെ വീടിന്റെ കതകും ഷെഡും കാട്ടാന തകർത്തു. വീടിനോട് ചേർന്നുള്ള ഷെഡും അടുക്കളയുടെ കതകും ആന തകർത്തു. ലീല മാത്രമാണ് ഇവിടെ താമസിക്കുന്നത്. കാട്ടാന ശല്യമുള്ളതിനാൽ മിക്ക ദിവസങ്ങളിലും ലീല സഹോദരിയുടെ വീട്ടിലാണ് കഴിയുന്നത്. ഇന്നലെയും ഇവർ വീട്ടിലില്ലാതിരുന്നതിനാൽ പരുക്കേൽക്കാതെ രക്ഷപെട്ടു.