ദുബൈയിലെ ദേരയിൽ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ മലയാളി ദമ്പതികൾ അടക്കം 16 പേർ മരിച്ചു. അഞ്ച് നില കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീ പിടിച്ചത്. മലപ്പുറം വേങ്ങര സ്വദേശി കാലങ്ങാടൻ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജിഷി (32) എന്നിവരാണ് മരിച്ച മലയാളികൾ. ട്രാവൽസ് ജീവനക്കാരനാണ് റിജേഷ്. ഖിസൈസ് ക്രസൻറ് സ്കൂൾ അധ്യാപികയാണ് ജിഷി. മൃതദേഹങ്ങൾ ദുബൈ പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ശനിയാഴ്ച ഉച്ചക്ക് 12.35നാണ് സംഭവം. ദേര ഫിർജ് മുറാറിലെ തലാൽ ബിൽഡിങ്ങിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക വിവരം. അടുത്ത മുറിയിലെ തീപിടിത്തത്തെ തുടർന്ന് റിജേഷിന്റെ മുറിയിലേക്ക് പുകപടരുകയും പുകശ്വസിച്ച് ഇരുവരും മരിക്കുകയുമായിരുന്നുവെന്നാണ് അറിയുന്നത്. തമിഴ്നാട്, പാകിസ്താൻ, സുഡാൻ, ആഫ്രിക്കൻ സ്വദേശികളും മരിച്ചവരിൽ ഉൾപ്പെടുന്നു. രക്ഷാപ്രവർത്തനം നടത്തിയ സെക്യൂരിറ്റി ഗാർഡും മരിച്ചതായാണ് വിവരം. ദുബായ് സിവിൽ ഡിഫൻസും പൊലീസും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി.