രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിൽ പല സംസ്ഥാനങ്ങളും മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,676 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.88 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.81ശതമാനവും ആണ്.
ഡല്‍ഹിയില്‍, പനി ഉള്‍പ്പെടെയുളള ലക്ഷണങ്ങളുള്ളവരോട് മാസ്ക് ധരിക്കാനും പൊതുസ്ഥലങ്ങളിലെ സന്ദര്‍ശനം ഒഴിവാക്കാനും ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് ആവശ്യപ്പെട്ടിട്ടുണ്ട്. മുംബൈയിലെ എല്ലാ സിവില്‍ ഹോസ്പിറ്റലുകളിലും ജീവനക്കാര്‍ക്കും രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും മാസ്ക് നിര്‍ബന്ധമാക്കിയതായി ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് (BMC) അറിയിച്ചു. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ തിരക്കേറിയ സ്ഥലങ്ങളില്‍ 60 വയസ്സിന് മുകളിലുള്ളവര്‍ മാസ്ക് ധരിക്കണം. ഹരിയാനയില്‍, എല്ലാ ആരോഗ്യ പ്രവര്‍ത്തകരും, നൂറിലധികം ആളുകള്‍ ഒത്തുചേരുന്നയിടങ്ങളിലും മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി അനില്‍ വിജ് പറഞ്ഞു. ചണ്ഡിഗഢിലും മാസ്ക് ധരിക്കുന്നതുള്‍പ്പെടെയുളള കോവിഡ് മുന്നറിയിപ്പുകള്‍ പൊതുജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.