ഇന്ത്യൻ മധ്യനിരയിലെ ബാറ്റിംഗ് താരം ശ്രേയസ് അയ്യർക്ക് ജൂണിൽ നടക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും, ഐപിഎൽ സീസണും നഷ്ടമാകുമെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ വർഷം ഡിസംബറിൽ ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിന് ഇടയിൽ അദ്ദേഹത്തിന് പരിക്കേറ്റിരുന്നു. മുതുകിലെ ശാസ്ത്രക്രിയക്ക് വിധേയനാകാൻ വിദേശത്തേക്ക് പോകാൻ ഒരുങ്ങുകയാണ് താരം. ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റനായിരുന്ന അയ്യർക്ക് കുറഞ്ഞത് അഞ്ച് മാസമെങ്കിലും കളത്തിൽ നിന്ന് പുറത്തിരിക്കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പരിക്ക് മൂലം കഴിഞ്ഞ മാസം ബോർഡർ-ഗവാസ്കർ ട്രോഫിയുടെ അവസാന ടെസ്റ്റിൽ നിന്ന് അയ്യറിനെ മാറ്റി നിർത്തിയിരുന്നു, തുടർന്ന് ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലും അദ്ദേഹം കളിച്ചിരുന്നില്ല. ജൂൺ 7 മുതലാണ് ലണ്ടനിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ലോക ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കുക.