ഏറെ നാളുകളായി ഇടുക്കിയിലെ ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലെ ആളുകളുടെ ഉറക്കം കെടുത്തുകയും നാശം വിതക്കുകയും ചെയ്യുന്ന അരിക്കൊമ്പനെ വനം വകുപ്പ് നിരീക്ഷിച്ചു വരികയാണ്. എന്നാൽ അരിക്കൊമ്പൻ ഇടയ്ക്കിടക്ക് തന്റെ സഞ്ചാരപഥം മാറ്റികൊണ്ടിരിക്കുന്നതും വനം വകുപ്പിനും ദൗത്യസംഘത്തിനും വെല്ലുവിളി ഉയർത്തുന്നുണ്ട്. അതിനിടെ അരിക്കൊമ്പൻ ആനയിറങ്കൽ ഡാം കടന്ന് 301 കോളനി ഭാഗത്തേക്ക് തിരിച്ച് കയറി. നിലവിൽ 301 കോളനിക്ക് സമീപമാണ് അരിക്കൊമ്പനുള്ളത്. നിരീക്ഷണത്തിനായി വാച്ചർമാരുടെ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം ഒരു പിടിയാനയ്ക്കും രണ്ട് കുട്ടിയാനകൾക്കുമൊപ്പമാണ് അരിക്കൊമ്പൻ പെരിയ കനാൽ എസ്റ്റേറ്റ് ഭാഗത്തെത്തിയത്. ദേശീയപാതയിൽ വാഹനങ്ങളും ആളുകളുടെ തിരക്കും ഉണ്ടായിരുന്നതിനാൽ തിരികെ ആനയിറങ്കൽ ഭാഗത്തേക്ക് തിരിച്ചെത്തി. ആനയെ മയക്കുവെടി വയ്ക്കുന്നതിന് മുന്നോടിയായിയുള്ള ഒരുക്കങ്ങൾ വനം വകുപ്പ് തുടരുകയാണ്.
വയനാട്ടിൽ നിന്നെത്തിയ ആർആർടി സംഘവും ഡോ. അരുൺ സഖറിയയും ചിന്നക്കനാലിൽ തുടരുകയാണ്. മയക്ക് വെടി വയ്ക്കുന്നതിനു മുന്നോടിയായുള്ള വനം വകുപ്പിന്റെ സംഘങ്ങളുടെ രൂപീകരണത്തിനുള്ള യോഗം നാളെ നടക്കും. അനുകൂല കോടതിവിധി ഉണ്ടായാൽ ആനയെ മയക്കുവെടിവയ്ക്കുന്ന ദൗത്യത്തിലേക്ക് സംഘം നീങ്ങും.