ന്യൂഡൽഹി: ഉത്തർപ്രദേശിലെ മഹാബയിൽ ട്രക്ക് സ്കൂട്ടറിനെ ഇടിച്ചു വീഴ്ത്തി രണ്ട് കിലോമീറ്ററോളം വലിച്ചിഴച്ചു. അപകടത്തിൽ മുത്തശ്ശനും ആറ് വയസ്സുകാരനും കൊല്ലപ്പെട്ടു. ഉദിത് നാരായൺ ചൻസോറിയ(67) കൊച്ചുമകൻ സാത് വിക് (6) എന്നിവരാണ് മരണമടഞ്ഞത്. ഇവർ സ്കൂട്ടറിൽ മാർക്കറ്റിലേക്ക് പോകുമ്പോൾ അമിതവേഗതയിൽ വന്ന ട്രക്ക് സ്കൂട്ടറിനെ ഇടിക്കുകയായിരുന്നു. കാൺപൂർ – സാഗർ ഹൈവേയിൽ ആയിരുന്നു അപകടം.
അപകടത്തിൽ ഉദിത് നാരായൺ സംഭവസ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞു. സ്കൂട്ടറിനെയും സാത് വികിനെയും ട്രക്ക് രണ്ട് കിലോമീറ്ററോളം വലിച്ചിഴച്ചു കൊണ്ടുപോയി. റോഡിൽ ഉണ്ടായിരുന്ന ബൈക്കുകാർ ആണ് സംഭവം ട്രക്ക് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തുന്നത്. നിർത്താതെ പോയ ട്രക്ക് ഡ്രൈവറെ പിന്നീട് വഴിയാത്രക്കാർ റോഡിൽ കല്ലും മറ്റു വസ്തുക്കളും കൂട്ടിയിട്ട് തടഞ്ഞതോടെയാണ് വാഹനം നിർത്താനായതും ഡ്രൈവറെ പിടികൂടാനായതും. ട്രക്ക് പോലീസ് പിടിച്ചെടുക്കുകയും ഡ്രൈവറെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.