മലയാളത്തിന്റെ നവാഗത സംവിധായകനായ മനു ജയിംസ് അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് കൊച്ചി രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. 31 വയസ്സായിരുന്ന മനു ജയിംസ് കോട്ടയം കുറവിലങ്ങാട് സ്വദേശിയാണ്. ‘നാൻസി റാണി’ എന്ന ചിത്രത്തിന്റെ സംവിധായകനാണ്. അഹാന കേന്ദ്ര കഥാപാത്രമായി അഭിനയിച്ച സിനിമയാണ് നാൻസി റാണി. രണ്ടുവർഷം മുൻപാണ് സിനിമ പ്രഖ്യാപിച്ചിരുന്നത് എങ്കിലും അടുത്തിടെയാണ് സിനിമയുടെ ചിത്രീകരണം ഏകദേശം പൂർത്തിയായത്.
മനു ജയിംസിന്റെ പുതിയ ചിത്രമായ നാൻസി റാണി റിലീസ് ചെയ്യാൻ ദിവസങ്ങൾ ബാക്കി നിൽക്കവെയാണ് അദ്ദേഹത്തെ മരണം കവർന്നെടുത്തത്. 2004ൽ സാബു ജയിംസ് സംവിധാനം ചെയ്ത ഐ ആം ക്യൂരിയസ് എന്ന ചിത്രത്തിലൂടെ ബാലതാരമായി മനു ജയിംസ് അഭിനയിച്ചിട്ടുണ്ട്. പിന്നീട് മലയാളം, കന്നട, ബോളിവുഡ്, ഹോളിവുഡ് തുടങ്ങി മേഖലകളിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.
മനു ജയിംസിന്റെ സംസ്കാരചടങ്ങുകൾ നാളെ കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്ക്കോപ്പൽ മർത്ത്മറിയം ആർച്ച് ഡീക്കൻ പള്ളിയിൽ നടത്തും. നൈന മനു ജയിംസ് ആണ് ഭാര്യ.