കൊച്ചി: അന്തരിച്ച ടെലിവിഷൻ നടിയും അവതാരകമായ സുബി സുരേഷിന്റെ സംസ്കാരം ഇന്ന് നടക്കും. ഇന്ന് വൈകിട്ട് കൊച്ചി ചേരാനെല്ലൂറിലെ പൊതുശ്മാശാനത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.
ആലുവയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ കൂനമ്മാവിൽ ഉള്ള വീട്ടിലേക്ക് കൊണ്ടുപോയി . രാവിലെ 10 മണി മുതൽ 3 മണി വരെ വാരാപ്പുഴ പുത്തൻപള്ളി ഓഡിറ്റോറിയത്തിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ചേരാനെല്ലൂർ പൊതുശ്മശാനത്തിൽ ആയിരിക്കും സംസ്കാരം നടത്തുക.
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് സുബി ചികിത്സയിലായിരുന്നു. കരൾ മാറ്റിവയ്ക്കാനുള്ള നിർദേശമുണ്ടായിരുന്നു. അതിനിടെ ന്യുമോണിയ ബാധിച്ച് നില ഗുരുതരമായി. ഇന്നലെ രാവിലെ 10 മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി സുബിയെ ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയിരുന്നു. സുബി സുരേഷിന്റെ മരണവാർത്ത അറിഞ്ഞ് നിരവധി ആളുകളാണ് ഇന്നലെ ആലുവയിലെ രാജഗിരി ആശുപത്രിയിലും സുബിയുടെ കൂനമ്മാവിലുള്ള വീട്ടിലും എത്തിയത്.
അഭിനയം മാത്രമല്ല അവതരണവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച താരമാണ് സുബി. ഏഷ്യാനെറ്റിലെ സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി ഹാസ്യ പരിപാടികളിൽ സജീവമാകുന്നത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. രാജസേനന് സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. സിനിമകളിലൂടെയും സീരിയലുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയുമെല്ലാം പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ സുബി യൂട്യൂബ് ചാനലുമായും സജീവമായിരുന്നു. മിമിക്സ് മിമിക്രി രംഗത്ത് സ്ത്രീകള്‍ അധികം സാന്നിധ്യമാല്ലാത്ത കാലത്ത് ജനപ്രിയ കോമഡി പരിപാടിയിലെ മുഖമാണ് സുബി.