വാഷിങ്ടൻ: ചൈനയുടെ ചാര ബലൂൺ നിരവധി രാജ്യങ്ങളെ ലക്ഷ്യമിടുന്നതായി റിപ്പോർട്ടുകൾ. ഇന്ത്യ , ജപ്പാൻ ഉൾപ്പെടെ ഉള്ള രാജ്യങ്ങളിൽ ബലൂൺ പ്രവർത്തിക്കുന്നതായുള്ള വിവരങ്ങൾ യുഎസ് റിപ്പോർട്ട് ചെയ്തു. യുഎസിന്റെ വ്യോമ അതിർത്തിമേഖലയിൽ കാണപ്പെട്ട ചൈനയുടെ ചാര ബലൂൺ മിസൈൽ ഉപയോഗിച്ച് വെടിവെച്ചിട്ടതിന് പിന്നാലെയാണ് യുഎസിന്റെ വെളിപ്പെടുത്തൽ.
ചൈനയുടെ മിക്ക ഭാഗങ്ങളിലും നിരീക്ഷണ ബലൂണുകൾ പ്രവർത്തിക്കുന്നുവെന്ന് യുഎസ് റിപ്പോർട്ട് ചെയ്തു. ചൈനയുടെ തെക്കൻ തീരത്ത് ഹൈനാൻ പ്രവിശ്യയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന നിരീക്ഷണ ബലൂൺ ജപ്പാൻ, ഇന്ത്യ, വിയറ്റ്നാം, തായ്‌വാൻ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളുടെ തന്ത്ര പ്രധാന പ്രദേശങ്ങളിലെ സൈനിക വിവരങ്ങൾ ശേഖരിക്കുകയാണ് ചെയ്യുന്നതെന്ന് ദ വാഷിങ്ടൻ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ വ്യോമസേനയാണ് ബലൂണുകൾ കൈകാര്യം ചെയ്യുന്നതെന്നും അഞ്ചിലേറെ ഭൂഖണ്ഡങ്ങളിൽ നിരീക്ഷണ ബലൂണുകളുടെ സാന്നിധ്യം കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.