തിരുവനന്തപുരം: ഒരു ഡോക്യുമെന്ററിയെ ഭയക്കേണ്ട കാര്യം എന്തെന്നും ബിബിസി പോലുള്ള ഒരു വിദേശ മാധ്യമം പുറത്തുവിടുന്നു എന്നതുകൊണ്ട് അത് രാജ്യവിരുദ്ധമാകുമോ എന്നും കോൺഗ്രസ് അധ്യക്ഷൻ കെ സുധാകരൻ എംപി ചോദിച്ചു. മാധ്യമ ധർമ്മത്തിന് ഒരിക്കലും രാജ്യത്തിന്റെ അതിർത്തികൾ ബാധകമല്ല എന്നും അതിന്റെ അടിസ്ഥാന മൂല്യം മാനവികതയിലാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘപരിവാർ ആസൂത്രണം ചെയ്തതാണ് ഗുജറാത്തിലെ ന്യൂനപക്ഷ വംശഹത്യ എന്നും നിയമത്തെയും നീതിയെയും നോക്കുകുത്തിയാക്കി നടത്തിയ സംഘപരിവാർ പ്രവർത്തികളുടെ പാപക്കറ ഗംഗാജലം മുഴുവൻ ഉപയോഗിച്ചാലും കഴുകി കളയാൻ കഴിയില്ലെന്നും കെ സുധാകരൻ പറഞ്ഞു. ഭൂതകാലം ഓർമ്മിക്കാനുള്ള ഭയം മൂലമാണ് ഡോക്യുമെന്ററിക്കെതിരെ സംഘപരിവാറുകൾ ഇറങ്ങിത്തിരിച്ചതെന്നും അതല്ലെങ്കിൽ ഒരു ഡോക്യുമെന്ററി എന്തിന് ഭയക്കണം എന്നും എം പി ചോദിച്ചു. ബിബിസിയുടെ വിവാദ ഡോക്യുമെന്ററി കോൺഗ്രസ് സംസ്ഥാനത്തുടനീളം പ്രദർശിപ്പിക്കും എന്നും സുധാകരൻ പറഞ്ഞു