കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നാളെ രണ്ടാംഘട്ട സാക്ഷി വിസ്താരം ആരംഭിക്കും. അന്വേഷണത്തിലെ 39 സാക്ഷികളിൽ 27 പേരുടെ വിസ്താരമാണ് ആദ്യഘട്ടം പൂർത്തിയായിരുന്നത്. രണ്ടാംഘട്ടം 20 പേരെ കൂടി വിസ്തരിക്കാനുള്ള പട്ടിക പ്രോസിക്യൂഷൻ കോടതിക്ക് കൈമാറിയിരുന്നു. വിസ്താരത്തിനു വേണ്ടി കോടതിയിൽ എത്തേണ്ട വർക്ക് നോട്ടീസ് അയക്കുന്ന നടപടി കോടതി ആരംഭിച്ചു.
നടി ആക്രമിക്കപ്പെട്ട കേസിൽ മഞ്ജു വാര്യർ, സാഗർ വിൻ സെന്റ്, പൾസർ സുനിയുടെ അമ്മ ഉൾപ്പെടെ ഇരുപത് സാക്ഷികളെയാണ് വിസ്തരിക്കുക. ഇതിനിടെ കേസിൽ അഭിഭാഷകരെയും പ്രതി ചേർക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത കോടതിയെ സമീപിച്ചേക്കും എന്നാണ് സൂചനകൾ. കേസിൽ തെളിവ് നശിപ്പിച്ച മൂന്ന് അഭിഭാഷകരെ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് അതിജീവിത കോടതിയെ സമീപിക്കുന്നത്. അന്വേഷണസംഘം ഇവരെ പ്രതിചേർക്കാൻ ശ്രമിച്ചിരുന്നെങ്കിലും അഭിഭാഷക സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് സാധിച്ചിരുന്നില്ല. തുടർന്നാണ് അതിജീവിതയുടെ പുതിയ നീക്കം.